എന്താണ് ചൊവ്വാദോഷം? ചൊവ്വ ദോഷപ്രദമാകുന്നത് എപ്പോഴൊക്കെ?
Mail This Article
ജാതകത്തിൽ ലഗ്നം രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലെ ചൊവ്വയുടെ സ്ഥിതി ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്നു. ഇപ്രകാരം ചൊവ്വ നിൽക്കുന്നതാണ് ചൊവ്വാദോഷം .
ലഗ്നത്തിൽ ചൊവ്വ നിൽക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ദോഷം വരുത്തും. ഭാര്യാ സംബന്ധമായി ക്ലേശം അനുഭവിക്കും. രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വ ദൗർഭാഗ്യകാരകനാണ്. കുടുംബസുഖം കുറയും. ചൊവ്വയുടെ ഏഴിലേക്ക് ഉള്ള ദൃഷ്ടി ലഗ്നാൽ അഷ്ടമത്തിലേക്കാണ്. അഷ്ടമം സ്ത്രീക്ക് മംഗല്യ സ്ഥാനവും സ്ത്രിക്കും പുരുഷനും ആയൂർസ്ഥാനവും ആയതിനാൽ ആയൂർ ദോഷത്തിന് കാരണമാകും. ചൊവ്വയുടെ എട്ടിലേക്കുള്ള വിശേഷാൽ വീക്ഷണം മൂലം ഭാഗ്യദോഷത്തെ ഉണ്ടാക്കി കൊണ്ടിരിക്കും. എത്ര തന്നെ ധനം ഉണ്ടെങ്കിലും അത് ജാതകന് അനുഭവ സിദ്ധമാകില്ല.
നാലാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വ ഗൃഹാന്തരീക്ഷം കലുഷിതമാക്കും. സ്ത്രീകൾക്ക് അധീനനായും എപ്പോഴും മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവനായും ഭവിക്കും. സുഖഭംഗം വരുത്തും. നാലാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വ കർമഭാവത്തെയും ലാഭസ്ഥാനത്തെയും വീക്ഷിക്കുന്നതു കൊണ്ട് കർമസംബന്ധമായും ധനസംബന്ധമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
ഏഴിൽ നിൽക്കുന്ന ചൊവ്വ ഭാര്യാ ഭർത്താക്കന്മാരുടെ പരസ്പര വിശ്വാസം നഷ്ടപെടുത്തും. കളത്ര സുഖം കുറയും. വിവാഹം വൈകിപ്പിക്കും. സ്ത്രീ നിമിത്തം ദുഃഖങ്ങൾ അനുഭവിക്കുവാൻ സാദ്ധ്യതയുണ്ട്. ഏഴിൽ നിൽക്കുന്ന ചൊവ്വ ലഗ്നത്തെ വീക്ഷിക്കുന്നതു കൊണ്ട് ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആയൂർ സ്ഥാനമായ എട്ടിൽ നിൽക്കുന്ന ചൊവ്വ ആയൂർദോഷം വരുത്തും. രോഗങ്ങൾ അലട്ടികൊണ്ടിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കും. മറ്റ് ഗ്രഹങ്ങൾ നല്ല സ്ഥാനങ്ങളിൽ നിന്നാലും അവയുടെ ഗുണഫലം ലഭിക്കില്ലെന്നതാണ് ആചാര്യമതം.
വ്യയസ്ഥാനമായ പന്ത്രണ്ടിൽ നിൽക്കുന്ന ചൊവ്വ ശയനാദി സുഖങ്ങളെ ഹനിക്കുന്നു. രോഗ സ്ഥാനത്തെയും കളത്രസ്ഥാനത്തെയും സഹോദര സ്ഥാനത്തെയും വീക്ഷിക്കുന്നത് കൊണ്ട് പ്രസ്തുത ഭാവങ്ങൾക്ക് അനുകൂലമല്ല. അന്യദേശങ്ങളിൽ വസിക്കുകയും അമിത ചെലവുകൾ അധികരിക്കുന്നവനായും ഭവിക്കും.
ചൊവ്വ ജാതകത്തിൽ ബലവാനോ ശുഭസഹിതനോ വീക്ഷിതനോ ആയാൽ ആ ചൊവ്വ ഗുണഫലങ്ങളായിരിക്കും നൽകുക.
ലേഖകൻ
ശ്രീകുമാർ പെരിനാട്,
കൃഷ്ണകൃപ
വട്ടിയൂർക്കാവ് പി.ഒ.
തിരുവനന്തപുരം. 695013
Mob: 90375 20325
Email : sreekumarperinad@gmail.com
English Summary : Effect of Chovva Dosham