എന്തിന് പേടിക്കണം ചൊവ്വാ ദോഷത്തെ? നിത്യവും ഇവ ചെയ്തോളൂ!
Mail This Article
വിവാഹാലോചന സമയത്ത് ഗ്രഹനിലയിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ചൊവ്വയുടെ സ്ഥിതി. ചൊവ്വാ അനിഷ്ടസ്ഥാനത്തായാൽ ചൊവ്വാ ദോഷം എന്ന് പറഞ്ഞു പേടിക്കുന്നവർ കുറവല്ല. ചൊവ്വാ അനിഷ്ടസ്ഥാനത്താണെങ്കിലും അതിന് ശുഭഗ്രഹ സാന്നിധ്യമുണ്ടെങ്കിൽ ശുഭകാരകനായി മാറുമെന്ന് എത്രപേർക്കറിയാം?. ചൊവ്വയുടെ ദോഷം ഭയാശങ്കയോടെ കാണേണ്ട ഒന്നല്ല, മറിച്ചു ചൊവ്വാ പ്രീതികരമായവ അനുഷ്ടിച്ചു ദോഷ കാഠിന്യം കുറയ്ക്കുകയാണ് വേണ്ടത്. നിർമ്മലവും ഉദാത്തവുമായ ഭക്തിക്കുമുന്നിൽ നീങ്ങാത്ത ദോഷങ്ങളൊന്നുമില്ലെന്നാണ് വിശ്വാസം .
സുബ്രഹ്മണ്യപ്രീതി ഉത്തമം
ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുന്നതാണ് ഏറ്റവും ഉത്തമമാർഗ്ഗം. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , ഷഷ്ഠിവ്രതം, കാവടിയെടുക്കൽ എന്നിവ സുബ്രഹ്മണ്യപ്രീതിക്ക് നന്ന്. പക്കപ്പിറന്നാൾതോറുമോ ചൊവ്വാഴ്ചയോ ഷഷ്ഠിദിനത്തിലോ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും ദോഷപരിഹാരമാണ്.
സുബ്രഹ്മണ്യ ഗായത്രി
സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്
ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി നിത്യവും പ്രഭാതത്തിൽ 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കാവുന്നതാണ്. സുബ്രഹ്മണ്യ ഗായത്രി ജപത്തിലൂടെ മക്കൾക്ക് ഉന്നതിയും അവരുടെ സ്നേഹം അനുഭവത്തിൽ വരാനുമുള്ള ഭാഗ്യവും സിദ്ധിക്കും.
മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും സുബ്രഹ്മണ്യഗായത്രി ശീലമാക്കുന്നത് അത്യുത്തമമാണ് .അശ്വതി, കാര്‍ത്തിക, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, മൂലം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതർ അവരുടെ ചൊവ്വാദശാകാലത്ത് സുബ്രഹ്മണ്യഗായത്രി ജപം തുടരുന്നത് ദോഷകാഠിന്യം കുറയ്ക്കും.
English Summary : Covva Dosham Pariharam