വ്യാഴാഴ്ചയും രാമനവമിയും; ഇങ്ങനെ ആചരിച്ചാൽ കോടിഫലം
Mail This Article
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . ഈ വർഷം മാർച്ച് 30 വ്യാഴാഴ്ചയാണ് ശ്രീരാമനവമി വരുന്നത്. മഹാവിഷ്ണുവിനു പ്രധാനമായ വ്യാഴാഴ്ചയും രാമനവമിയും ചേർന്ന് വരുന്നതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം സവിശേഷഫലദായകമാണ്.
ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.
ഈ ദിനത്തിൽ ഭക്തിപൂർവം വ്രതം അനുഷ്ഠിച്ച് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാർഗമാണെന്നാണ് വിശ്വാസം. ഭഗവാനെ മാത്രമല്ല സീതാദേവിക്കും ലക്ഷ്മണനും ഹനൂമാനും പ്രാധാന്യം നൽകി ധ്യാനിക്കണം. അന്നേദിവസം സർവകാര്യ സിദ്ധിക്കായ് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുക.
∙ വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
ശ്രീരാമനവമി നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണർന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി വിഷ്ണു ഗായത്രി ജപിച്ച ശേഷം
"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി. " വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യമായ ഈ നാമം 3 തവണ ജപിക്കുക .
ഈ ദിനത്തിലുടനീളം രാമനാമം ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും കാരണമാകും . ഉപവാസവും ഉറക്കമൊഴിയലും ഈ വ്രതത്തിന്റെ ഭാഗമാണെങ്കിലും ആരോഗ്യസ്ഥിതി അനുസരിച്ച് ഒരിക്കലോടെ ( ഒരു നേരം മാത്രം അരിയാഹാരം) വ്രതം അനുഷ്ഠിക്കാം. പകല്‍ ഉറക്കം പാടില്ല. രാവിലെയും വൈകുന്നേരവും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തി തുളസിമാല സമർപ്പിക്കുന്നത് ഉത്തമം. ദശമി ദിവസം ക്ഷേത്രദര്‍ശനം നടത്തി തീർഥം സേവിച്ചോ തുളസീതീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം. ഈ വ്രതാനുഷ്ഠാനത്തിലൂടെ സകല പുണ്യസ്ഥലങ്ങളിലും തീർഥാടനം നടത്തിയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ മുജ്ജന്മപാപങ്ങൾ നീങ്ങി വിഷ്ണുപ്രീതിക്ക് കാരണവുമാകും.
Content Summary: Rituals in Ramanavami 2023