അതിവിശേഷമായ പത്താമുദയം; ഇങ്ങനെ അനുഷ്ഠിച്ചാൽ
Mail This Article
മേടം പത്തിനാണു പത്താമുദയം. അതനുസരിച്ചു ഇന്ന് പത്താമുദയം വരുന്നു. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടം പത്ത് ആണ് അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാണു തുലാം പത്ത്. സൂര്യന് ഏറ്റവും ബലം കുറഞ്ഞ ദിവസമാണു തുലാപ്പത്ത്. സൂര്യന്റെ അതിനീചം എന്നാണു ജ്യോതിഷത്തിൽ ഇതിനെ പറയുന്നത്.
ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതി ഭഗവാനോടൊപ്പം സൂര്യദേവനെ സ്മരിക്കുന്നത് ഉത്തമമാണ്. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക് തുടക്കമിടുന്ന ശുഭദിനമാണിത്. ഗായത്രിമന്ത്രം കഴിയാവുന്നത്ര തവണ ചൊല്ലുന്നത് ഉത്തമമാണ്.
സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യദേവൻ നവഗ്രഹങ്ങളുടെ നായകനാണ്. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർധിക്കും. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
സൂര്യസ്തോത്രം
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
Content Summary : Significance of Pathamudayam