ADVERTISEMENT

സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാനമായ മേടമാസത്തിലെ ഷഷ്ഠി 2023 ഏപ്രിൽ 26 ബുധനാഴ്ച  വരുന്നു. ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും കുജദോഷ ശാന്തിക്കും ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്തപക്ഷ ഷഷ്ഠിയില്‍ വ്രതം അനുഷ്ഠിക്കാറില്ല.

Read also : ഏപ്രിൽ അവസാനവാരം ഓരോ നാളുകാർക്കും എങ്ങനെ ?

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. അന്നേ ദിവസം ക്ഷേത്രദർശനം നടത്തി ഭഗവൽ മന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാ ദോഷ  ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം . പ്രത്യേകിച്ചും ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും സുബ്രഹ്മണ്യപ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

 

ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. വ്രത ദിനത്തിൽ  രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീ തീർഥം  സേവിച്ച് പാരണ വിടാം .

 

ഈ ദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് സത്ഫലം നൽകും. നാരങ്ങാമാല സമർപ്പണം , ഷഷ്ഠിപൂജ, പനിനീര്‍ ,പഞ്ചാമൃതം, അരളിപ്പൂമാല ,കുമാരസൂക്ത പുഷ്‌പാഞ്‌ജലി എന്നിവ വഴിപാടായി സമർപ്പിക്കുന്നത് അത്യുത്തമം.

 

 

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ 'ഓം വചത്ഭുവേ നമഃ'108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍  'ഓം ശരവണ ഭവ: ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. സന്താനങ്ങളുടെ അഭിവൃദ്ധിക്കായി പ്രഭാതത്തിൽ കുറഞ്ഞത് 9 തവണയെങ്കിലും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം . 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.

 

 

സുബ്രഹ്മണ്യ ഗായത്രി

 

സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത് 

 

 

സുബ്രമണ്യസ്തുതി

 

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം 

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

 

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി 

 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ 

 

Content Summary : Significance of  Shasti in Medam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com