ശ്രീകൃഷ്ണജയന്തി; അഷ്ടമിയിൽ തെളിഞ്ഞു, അമ്പിളിക്കല
Mail This Article
കറുത്ത പക്ഷത്തെ അഷ്ടമിദിവസം അർധരാത്രി. കൂരിരുട്ടിൽ തെളിയുന്ന അമ്പിളിക്കല പോലെ ഉണ്ണിക്കണ്ണൻ അവതരിച്ചു. അഷ്ടമിയും രോഹിണിയും ചേർന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് കണ്ണന്റെ പിറവി അഷ്ടമിരോഹിണിയായി. ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തിദിനമായി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിൽ ചിങ്ങം എന്നതിനു പകരം ഭാദ്രപദം എന്ന മാസമാണു പരിഗണിക്കുന്നത്.
പിറന്നാൾ പോലെ ആചാരപരമായ കാര്യങ്ങളിൽ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രത്തെക്കാൾ പ്രഥമ, ദ്വിതീയ തുടങ്ങിയ തിഥികൾക്കാണ് ഉത്തരേന്ത്യയിൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ അഷ്ടമിരോഹിണി എന്ന ശ്രീകൃഷ്ണജയന്തിയിൽ രോഹിണിയെക്കാൾ പ്രാധാന്യം അഷ്ടമിക്കാണ്. ശ്രീരാമനവമി, വിനായകചതുർഥി എന്നീ ആഘോഷങ്ങളിലും തിഥിക്കാണു പ്രാധാന്യം.
ചില വർഷങ്ങളിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി വരുന്ന അർധരാത്രി രോഹിണി ഉണ്ടാകാറില്ല. എന്നാൽ ഇന്ന് അർധരാത്രി അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്നുണ്ട്. അഷ്ടമിരോഹിണിദിവസം നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. എന്നാൽ ഈ ദിവസം ഉപവാസവ്രതമെടുത്ത് ശ്രീകൃഷ്ണനെ ആരാധിക്കുന്ന രീതിയുമുണ്ട്.