ADVERTISEMENT

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം നിർഭാഗ്യകരമായ സംഭവമാണ്. പുരോഹിതന്മാരെയും ജനപ്രമാണികളെയും സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം അനിവാര്യമായ ഘടകമായിരുന്നു. റോമാക്കാരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം സ്വാഭാവികമായ പരിണാമവും പരിഹാസത്തിന്റെ പ്രതീകവുമാണ്. ശിഷ്യന്മാരെയും യേശുവിനെ അനുഗമിച്ച ജനക്കൂട്ടത്തെയും സംബന്ധിച്ചിടത്തോളം അവന്റെ മരണം അപ്രതീക്ഷിതമായ അനുഭവവും പ്രത്യാശയുടെ അസ്തമയവുമാണ്. എന്നാൽ ഈശോയെ സംബന്ധിച്ചിടത്തോളംEaster: The Crucifixion And Resurrection Of Jesus Christ കുരിശുമരണം താൻ പൂർത്തിയാക്കേണ്ട രക്ഷാകരപദ്ധതിയുടെ നിർണായക ഘട്ടമായിരുന്നു. അതുകൊണ്ടുതന്നെ ഈശോ തന്റെ ജീവിതത്തെക്കുറിച്ചും രക്ഷാകരദൗത്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് സൂക്ഷിച്ചിരുന്നു. ഒപ്പം, മരണത്തെ സ്വീകരിക്കാൻ തക്കവിധം ശിഷ്യഗണങ്ങളെ ഒരുക്കാനും ഈശോ പരിശ്രമിച്ചു. പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള ഈശോയുടെ പ്രവചനങ്ങൾ ഇതിന് തെളിവാണ് (മർക്കോസ് 10, 32- 34). വ്യക്തിപരമായ ജീവിതത്തിൽ നമ്മൾ സൂക്ഷിക്കേണ്ട ദൗത്യ ബോധത്തിന്റെയും പ്രത്യാശയുടെയും മാതൃകയാണിത്. നൽകപ്പെട്ട നിയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുകയും അതിന്റെ പൂർത്തീകരണത്തിനായി പരിശ്രമിക്കുകയും അത് സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ സ്വീകരിക്കാൻ ചുറ്റുമുള്ളവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയാണ്.

ഈശോയുടെ ദൗത്യനിർവഹണത്തിൽ മനുഷ്യ ജീവിതത്തിന്റെ സമസ്ത തലങ്ങളും ദർശിക്കാൻ സാധിക്കും. പരാജയത്തിന്റെയും വിജയത്തിന്റെയും താഴ്ചയുടെയും ഉയർച്ചയുടെയും അപമാനത്തിന്റെയും മഹത്വത്തിന്റെയും സ്പന്ദനങ്ങൾ അതിൽ ഉൾക്കൊണ്ടിട്ടുണ്ട്. ദുഃഖവെള്ളി പരാജയത്തിന്റെ ദിനമായി എണ്ണപ്പെടുമ്പോഴും നന്മയുടെ ദർശനങ്ങൾ നൽകുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. നാശത്തിന്റെ പ്രതീകമായിരുന്ന കുരിശ് മഹത്വത്തിന്റെ അടയാളമായി മാറി. ഈശോയുടെ മരണവും ഉത്ഥാനവുമാണ് കുരിശിനെ വിജയത്തിന്റെ മുദ്രയാക്കി മാറ്റിയത്. കുരിശിനെ ഹൃദയത്തോടു ചേർത്തുവയ്ക്കുക എന്നതാണ് ദുഃഖവെള്ളിയുടെ സന്ദേശം. പ്രശസ്ത നിരൂപകനായിരുന്ന കെ.പി.അപ്പൻ ‘ബൈബിൾ വെളിച്ചത്തിന്റെ കവചം’ എന്ന പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.. ‘‘ക്രിസ്തുവിലേക്ക് വളരുക എന്നു പറഞ്ഞാൽ കുരിശിലേക്ക് വളരുക എന്നാണ് അർഥം. എന്നാൽ കുരിശിലേക്ക് യാന്ത്രികമായി വളർന്നു കൊണ്ട് നാം ക്രിസ്തുവിനെ മറക്കുന്നു. .കുരിശിന്റെ പിന്നിൽ ക്രിസ്തു മറഞ്ഞു പോകാതിരിക്കാൻ കുരിശിനെ കൂടുതൽ കൂടുതൽ ആരാധിച്ചുകൊണ്ട് ക്രിസ്തുവിനെ മറക്കാതിരിക്കാൻ ആദ്ധ്യാത്മികമായൊരു താക്കീതായി ദുഃഖവെള്ളിയാഴ്ച കടന്നുവരുന്നു.’’

ക്രിസ്തുവിലേക്ക് വളരാൻ എന്തു ചെയ്യണം എന്നും അവൻ പഠിപ്പിച്ചിട്ടുണ്ട്. ‘‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ’’ (മർക്കോസ് 8 ,34).

ഓരോരുത്തരും വഹിക്കേണ്ട കുരിശ് അവരവർ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളാണ്. അവയിൽനിന്ന് ഒളിച്ചോടാതെ പ്രതിസന്ധികളെ തരണം ചെയ്യാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ഉത്തരവാദിത്തങ്ങളിൽ ക്രിസ്തുവിന്റെ രക്ഷാകര ദൗത്യം കണ്ടെത്തിയാൽ നമ്മൾ കുരിശിലേക്കും ക്രിസ്തുവിലേക്കും വളരും. കുരിശ് വഴിയാണ് ക്രിസ്തുവിന്റെ രക്ഷാകര ദൗത്യം പൂർത്തികരിക്കപ്പെട്ടത്. ക്രിസ്തുവില്ലാത്ത കുരിശ് അലങ്കാരവസ്തു മാത്രമായി ചുരുങ്ങുന്നു. ഉത്തരവാദിത്തങ്ങളുടെ നിർവഹണത്തിൽ ക്രിസ്തുവിന്റെ കൂട്ട് ഇല്ലാതെ പോകുമ്പോൾ ആ കുരിശ് തീർത്തും ഭാരമായി മാറുന്നു. ചുരുക്കത്തിൽ, കുരിശിലേക്കും ക്രിസ്തുവിലേക്കും വളർന്ന് സ്വത്വാവബോധം നേടുകയെന്നതാണ് ദുഃഖവെള്ളിയാചരണത്തിന്റെ അന്തഃസത്ത.

easter
Image Credit: robert_s/ Shutterstock

നമ്മുടെ തിരഞ്ഞെടുപ്പുകളുടെ മൂല്യം നിർണയിക്കാനുള്ള അവസരം കൂടിയാണ് ദുഃഖവെള്ളി നൽകുന്നത്. വ്യത്യസ്തങ്ങളായ ചില തിരഞ്ഞെടുപ്പ് മാതൃകകൾ ദുഃഖവെള്ളിയിൽ കാണാൻ സാധിക്കും. വിശ്വാസസ്ഥിരതയും ദൗർബല്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ പത്രോസ് ശ്ലീഹാ നന്മയുടെ ഭാഗം തിരഞ്ഞെടുക്കുന്നത് ദുഃഖവെള്ളിയാഴ്ച പുലർച്ചെ കോഴി കൂവിയപ്പോഴാണ്. ദ്രവ്യാസക്തിയും ശിഷ്യത്വത്തിന്റെ ത്യാഗവും തമ്മിലുള്ള സംഘർഷത്തിൽനിന്ന് നാശം തിരഞ്ഞെടുത്ത യൂദാസ് ദുഃഖവെള്ളിയിൽ പരാജയത്തിന്റെ കയ്പായി മുന്നിലുണ്ട്. നീതിബോധവും അധികാരവും തമ്മിലുള്ള സംഘർഷത്തിൽനിന്നും ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ ഉത്തരവാദിത്തത്തിൽനിന്നും ഒളിച്ചോടിയ പീലാത്തോസ് ദുഃഖവെള്ളിയുടെ മറ്റൊരു മുഖമാണ്. എല്ലാവർക്കും നന്മ ചെയ്ത ഈശോയ്ക്ക് പകരം കലാപകാരിയായ ബറാബാസിനെ സ്വീകരിക്കുന്ന ആൾക്കൂട്ടം ദുഃഖവെള്ളിയുടെ മറ്റൊരു കറുത്ത ഏടാണ്. ആ വെള്ളിയാഴ്ച അരങ്ങേറിയ തിരഞ്ഞെടുപ്പുകളുടെ നിരർഥകമായ മാനദണ്ഡങ്ങൾ നമുക്ക് ദുഃഖം മാത്രം സമ്മാനിക്കുന്നു. തിരഞ്ഞെടുപ്പുകളുടെ സമയത്ത് നാം പുലർത്തേണ്ട സൂക്ഷ്മതയും കൃത്യതയും സത്യസന്ധതയും ദുഃഖവെള്ളിയാഴ്ച നമ്മളെ ഓർമപ്പെടുത്തുന്നു.

ദുഃഖവെള്ളി നമുക്ക് നൽകുന്നത് ക്രിസ്തുവിന്റെ മുറിവുകളുടെ ഓർമകളാണ്. ആണിപ്പഴുതുകൾ ഉൾപ്പെടെയുള്ള കൈകാലുകളിലെ മുറിവുകൾ, കുന്തം കൊണ്ട് മുറിവേൽപിക്കപ്പെട്ട പാർശ്വത്തിലെ അടയാളം, ചമ്മട്ടിയടിയിൽ വിണ്ടുകീറിയ ശരീരം എന്നിവ ക്രിസ്തുവിന്റെ കൃപാവരം ഒഴുകുന്ന വഴികളാണ്. ഉത്ഥാനത്തിലൂടെ മഹത്വപൂർണമായിത്തീർന്ന ആ മുറിവുകളാണ് നമ്മുടെ ജീവിതത്തിന്റെ ആശ്വാസം. നമ്മുടെ മുറിവുകൾ ഈശോയുടെ മുറിവുകളുമായി ചേർത്തുവച്ച് സഹനത്തെ മഹത്വീകൃതമാക്കാനുള്ള ആഹ്വാനമാണ് ദുഃഖവെള്ളി നൽകുന്നത്. തദ്വാരാ, മുറിവേൽ‌ക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള പ്രചോദനവും ദുഃഖവെള്ളി നൽകുന്നു.

Image Credit: Romolo Tavani/ Shutterstock
Image Credit: Romolo Tavani/ Shutterstock

പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ദസ്തയേവ്സ്കി തന്റെ ഭാര്യ അന്നയോട് പറയുന്നു..‘‘എനിക്ക് ക്രിസ്തുവിനോടു മാത്രമേ അസൂയയുള്ളൂ. അതും കുരിശുമരണത്തിന്റെ കാര്യത്തിൽ മാത്രം.’’ ക്രിസ്തുവിനോടുള്ള ആരാധനയെപ്രതി നമുക്കും കുരിശിന്റെ ചുവട്ടിൽ അഭയം തേടാം. ദുഃഖവെള്ളി വീണ്ടെടുപ്പിന്റെ മുന്നോടിയാണെന്ന് ഓർമ വയ്ക്കാം.

(പാലാ സെന്റ് തോമസ് കോളജിലെ വൈസ് പ്രിൻസിപ്പലാണ് ലേഖകൻ)

English Summary:

Easter: The Crucifixion And Resurrection Of Jesus Christ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com