ദ്വാരകയിലെ പാരിജാതമരം

Mail This Article
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ വൃക്ഷം ഇന്ദ്രലോകത്തേക്കു കൊണ്ടുപോയെന്നാണു കഥ.
പാരിജാതവുമായി ബന്ധപ്പെട്ട് രസകരമായ ഒട്ടേറെ കഥകളുണ്ട്.
ഒരിക്കൽ ദേവേന്ദ്രന്റെ രാജധാനിയായ അമരാവതിയിൽ നാരദ മഹർഷി ഒരു സന്ദർശനം നടത്തി. ഇന്ദ്രലോകത്തെ മനോഹരമായ നന്ദനവനത്തിലൂടെ നടക്കുമ്പോൾ അദ്ദേഹം ഒരു വൃക്ഷം കണ്ടു. വെള്ളപ്പൂക്കളുള്ള ചേതോഹരമായ ഒരു വൃക്ഷം. അതിന്റെ പൂക്കൾ നക്ഷത്രങ്ങളുടെ ആകൃതിയിലുള്ളതായിരുന്നു. സ്വർഗീയമായ സുഗന്ധം അവയിൽ നിന്നു പുറപ്പെട്ടു. പാരിജാതപ്പൂക്കളായിരുന്നു അവ. ഇന്ദ്രലോകത്തേക്കായി കൊണ്ടുപോയ ഈ വൃക്ഷം തന്റെ പത്നിയായ സചീ ദേവിക്കായി അദ്ദേഹം നന്ദനവനത്തിൽ നട്ടതാണ്. ഇന്ദ്രാണിയെന്നും സചീ ദേവിക്കു പേരുണ്ട്.

നാരദന്റെ മനസ്സിനെയും ഹൃദയത്തെയും പാരിജാതപ്പൂക്കൾ ആകർഷിച്ചു.ഇതിലൊരു പൂവ് എടുത്തോട്ടേയെന്ന് അദ്ദേഹം ഇന്ദ്രനോട് ആവശ്യപ്പെട്ടു. ദേവേന്ദ്രൻ സന്തോഷമോടെ സമ്മതിച്ചു. നാരദൻ ഒരു പൂവെടുത്തു. ഇന്ദ്രലോകം വിട്ട് അദ്ദേഹം യാത്രതുടങ്ങി. പ്രപഞ്ചാധിപനായ ഭഗവാൻ മനുഷ്യരൂപത്തിൽ സിംഹാസനത്തിലിരിക്കുന്ന ദ്വാരകയിലേക്കായിരുന്നു യാത്ര. ശ്രീകൃഷ്ണന്റെ കൊട്ടാരത്തിലെത്തിയ നാരദൻ അദ്ദേഹത്തിനു പൂവ് നൽകി. അപാരമായ സുഗന്ധവും ഔഷധഗുണങ്ങളുമൊക്കെയുള്ള പാരിജാതപുഷ്പമാണിതെന്ന് നാരദൻ അറിയിച്ചു. ഈ പൂവ് ചൂടുന്നയാൾ കൂടുതൽ സൗന്ദര്യവും ആരോഗ്യവുമൊക്കെ നേടുമെന്നും നാരദൻ പറഞ്ഞു. ശ്രീകൃഷ്ണൻ ആ പൂവ് ഭാര്യ രുക്മിണി ദേവിക്കു നൽകി.

നാരദൻ പണ്ടേ ലഹളയ്ക്കു മിടുക്കനാണല്ലോ. കൊട്ടാരത്തിൽ നിന്നിറങ്ങിയശേഷം ശ്രീകൃഷ്ണന്റെ മറ്റൊരു ഭാര്യയായ സത്യഭാമ ദേവി താമസിക്കുന്ന കൊട്ടാരത്തിലേക്കാണു നാരദൻ പോയത്. തൊട്ടപ്പുറത്തു തന്നെയായിരുന്നു ആ കൊട്ടാരം. താൻ ഇന്ദ്രലോകത്തുനിന്ന് പാരിജാതപ്പൂവ് കൊണ്ടുവന്നതും ശ്രീകൃഷ്ണൻ അതു രുക്മിണിക്കു നൽകിയതുമൊക്കെ നാരദൻ സത്യഭാമയോടു പറഞ്ഞു. പൊതുവെ രുക്മിണിയോട് അസൂയയുള്ള സത്യഭാമ ഇതു കേട്ടു കോപിഷ്ഠയായി. പിന്നീട് ശ്രീകൃഷ്ണൻ തന്റെ ഗൃഹത്തിൽ വന്നപ്പോൾ സത്യഭാമ കണ്ടഭാവം നടിച്ചില്ല. കാര്യം തിരക്കിയ ഭഗവാനോട് സത്യഭാമ പൂവിന്റെ കാര്യം പറഞ്ഞു. സത്യഭാമയെ സമാധാനിപ്പിച്ച ശ്രീകൃഷ്ണൻ പാരിജാത പുഷ്പമല്ല, ആ പാരിജാത വൃക്ഷം തന്നെ കൊണ്ടുവന്നു തരാമെന്നു വാഗ്ദാനം നൽകി. സത്യഭാമയ്ക്കു സന്തോഷമായി. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനുമായി ഇന്ദ്രലോകത്തേക്കു പുറപ്പെട്ടു.

പാരിജാതവൃക്ഷം ഭൂമിയിലേക്കു തന്നുവിടണമെന്ന ശ്രീകൃഷ്ണന്റെ ആവശ്യം ഇന്ദ്രൻ നിരാകരിച്ചു. ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. നന്ദനവനത്തിലെ പാരിജാതം അദ്ദേഹം വേരോടെ പറിച്ചെടുത്തു. ഗരുഡന്റെ പുറത്തേറി വൃക്ഷവും കൊണ്ടു തിരിച്ചു. കോപിഷ്ഠനായ ഇന്ദ്രൻ ഓടിയെത്തി ശ്രീകൃഷ്ണനുമായി യുദ്ധം തുടങ്ങി. ഇന്ദ്രൻ പരാജയപ്പെട്ടു. താൻ ചെയ്ത അബദ്ധമോർത്ത് ഇന്ദ്രൻ പരിതപിക്കുകയും ഭഗവാനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ക്ഷമാപണം ഭഗവാൻ സ്വീകരിച്ചു.

ദ്വാരകയിലെത്തിയ ശ്രീകൃഷ്ണൻ പാരിജാതമരം സത്യഭാമയുടെ കൊട്ടാരവളപ്പിൽ നട്ടു. സത്യഭാമയ്ക്കു സന്തോഷം കൊണ്ട് ഇരിപ്പുറയ്ക്കാതായി.രുക്മിണിയുടെ വീട്ടിൽ ചെന്ന സത്യഭാമ പാരിജാതമരം കൊണ്ടുവന്ന കാര്യം രുക്മിണിയോടു ചെന്നു പൊങ്ങച്ചം പറഞ്ഞു. എന്നാൽ പുഞ്ചിരിയായിരുന്നു രുക്മിണിയുടെ മറുപടി.അന്നുരാത്രി കാറ്റു വീശിയത് രുക്മിണി താമസിക്കുന്ന കൊട്ടാരത്തിനു നേർക്കായിരുന്നു. സുഗന്ധമെല്ലാം രുക്മിണിയുടെ കൊട്ടാരത്തിൽ നിറഞ്ഞു. രാവിലെ സത്യഭാമ എഴുന്നേറ്റു നോക്കിയപ്പോൾ പാരിജാതത്തിലെ പൂക്കളെല്ലാം രുക്‌മിണിയുടെ കൊട്ടാരവളപ്പിൽ കിടക്കുന്നു.തന്റെ മനസ്സിലെ അഹങ്കാരവും പൊങ്ങച്ചവും ശമിപ്പിക്കാൻ ഭഗവാൻ ചെയ്ത സൂത്രപ്പണിയാണിതെന്ന് സത്യഭാമയ്ക്കു മനസ്സിലായി. അഹങ്കാരം മാറിയ മനസ്സോടെ സത്യഭാമ തിരിച്ചു സ്വന്തം കൊട്ടാരത്തിലേക്കു നടന്നു.