പ്രത്യേക ശേഷിയുള്ള വ്യക്തികളുടെ ആരോഗ്യ ഇൻഷുറൻസിൽ ഈ അബദ്ധങ്ങളൊഴിവാക്കാം

Mail This Article
പ്രത്യേക ശേഷിയുള്ള വ്യക്തികള്‍ക്ക് കൃത്യമായ ആരോഗ്യ ഇൻഷുറൻസ് എന്നത് ശക്തമായ ഒരു സംവിധാനമാണ്. പ്രത്യേക ശേഷിയുള്ള വ്യക്തിയ്ക്ക് സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങളാണുണ്ടാകുക.
ഇതിന് അനുസൃതമായ ആരോഗ്യ പദ്ധതി കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ്. ഇവിടെ തെറ്റായ രീതിയിലാണ് ചുവട് വയ്ക്കുന്നതെങ്കില്‍ പരിരക്ഷയിലെ അപാകതകള്‍, അപ്രതീക്ഷിത ചെലവ്, അനിവാര്യ ആരോഗ്യ സേവനങ്ങളിലെ തടസങ്ങള്‍ എന്നിവയെല്ലാമാകും നേരിടേണ്ടി വരിക.

പ്രത്യേക ശേഷിയുള്ളവരുടെ ഇൻഷുറൻസ് കാര്യത്തില്‍ പൊതുവെ വരുത്തുന്ന ചില തെറ്റുകളുണ്ട്. അവ മനസിലാക്കിയാല്‍ അതിനടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനും ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
ഫൈന്‍ പ്രിന്റിന് പ്രാധാന്യമേറെ
ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോള്‍ അതിലെ വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി വായിച്ചു നോക്കാതിരിക്കുന്നത് പൊതുവേ കാണപ്പെടുന്ന രീതിയാണ്. പ്രത്യേക ശേഷിയുള്ള വ്യക്തികളെ സംബന്ധിച്ച് പോളിസിയിലെ ഓരോ വിശദാംശങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. അവയ്ക്ക് വളരെ നിർണായക പ്രതിഫലനങ്ങളുമുണ്ടാകും. പോളിസിയുടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഒഴിവാക്കലുകളും പരിധികളുമെല്ലാം കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.
ചില പ്രത്യേക അവസ്ഥകള്‍, ചികില്‍സയുമായി ബന്ധപ്പെട്ട ഒഴിവാക്കലുകള്‍, പരിരക്ഷ പരിധികള്‍, ക്ലെയിം പ്രക്രിയകള്‍ തുടങ്ങിയവ വായിച്ചു മനസിലാക്കണം. ഇവ അവഗണിച്ചാൽ അപ്രതീക്ഷിത ചെലവുകളേറും, ക്ലെയിം തുക കുറയാനുമിടയാകും. പണം ആവശ്യമായ വേളയില്‍ പകരം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കും അപര്യാപ്തമായ പരിരക്ഷയിലേക്കുമാവും ഇവ നയിക്കുക.
കുറഞ്ഞ പ്രീമിയം മാത്രം കണക്കാക്കരുത്
പദ്ധതി തെരഞ്ഞെടുക്കുമ്പോള്‍ പ്രീമിയം മാത്രമാകരുത് അടിസ്ഥാനം. അതേറെ പ്രധാനപ്പെട്ടതാണെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം തെരഞ്ഞെടുപ്പു നടത്തുന്നത് ചെലവേറിയ ഒരു തെറ്റായി മാറിയേക്കാം. കയ്യില്‍ നിന്നു ചെലവഴിക്കേണ്ടി വരുന്ന ചികിൽസാ തുക കൂടുതലാകുക, പരിമിതമായ പരിരക്ഷ, കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയവയാകാം കുറഞ്ഞ പ്രീമിയത്തിലെ പദ്ധതികളിലൂടെ ലഭിക്കുന്നത്. പ്രീമിയം കൂടിയാലും മികച്ച പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലാഭിക്കാനും മികച്ച പരിരക്ഷ നേടാനും സഹായകമാകും.

കോ പേയും ഉപ പരിധികളും
ചികില്‍സാ വേളയില്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കേണ്ട തുക സംബന്ധിച്ച വ്യവസ്ഥയായ കോ പേ, ഉപ പരിധികള്‍ എന്നിവയ്ക്ക് ക്ലെയിം വേളയില്‍ ഏറെ പ്രസക്തിയുണ്ട്. ഉയര്‍ന്ന കോ പേ പരിധിയാണെങ്കില്‍ ഇൻഷുറന്‍സ് കമ്പനിയില്‍ നിന്നു ലഭിക്കുന്ന ക്ലെയിം തുക ഗണ്യമായി കുറയും. അതേ രീതിയില്‍ ഉപ പരിധികളുള്ളത് പ്രത്യേകമായ ചില അസുഖങ്ങള്‍, ചികിൽസകൾ എന്നിവയ്ക്കുള്ള പരിരക്ഷയില്‍ നിയന്ത്രണമേർപ്പെടുത്തും. തിമിരം, മുട്ടു മാറ്റിവയ്ക്കല്‍ തുടങ്ങിയവ ഇതില്‍ പെട്ടേക്കാം. ഇത്തരം ഉപ പരിധികള്‍ പരിഗണിക്കാതിരിക്കുന്നത് നിങ്ങളുടെ കയ്യില്‍ നിന്നുള്ള ചെലവ് വലിയ തോതില്‍ ഉയരാന്‍ ഇടയാക്കും.
ഭാവി ആവശ്യങ്ങള്‍ പരിഗണിക്കാതിരിക്കരുത്
ഭാവിയില്‍ പുതിയ ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേക ശേഷിയുള്ള വ്യക്തികളുടെ കാര്യത്തില്‍ ഇതിന്റെ പ്രാധാന്യം ഏറെയാണ്. ഭാവിയില്‍ അധിക പരിചരണമോ ചികിൽസകളോ ആവശ്യമായി വന്നേക്കാം. ഒരു ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ആവശ്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാകരുത് തീരുമാനം.
മാറ്റങ്ങള്‍ വരുത്താന്‍ സഹായകമായ പദ്ധതികള്‍, സമഗ്ര പരിരക്ഷ, മാറ്റങ്ങള്‍ക്കനുസരിച്ച് പരിരക്ഷയില്‍ മാറ്റം വരുത്താനുള്ള സൗകര്യം തുടങ്ങിയവ പരിഗണിക്കണം. ഭാവിയില്‍ സ്വിച്ചിങ് നടത്താനും അവസരമുള്ള പദ്ധതികളാവണം തെരഞ്ഞെടുക്കേണ്ടത്.
വിവിധ സാധ്യതകള്‍ താരതമ്യം ചെയ്യാം
അനുയോജ്യമെന്നു തോന്നുന്ന ആദ്യ പദ്ധതി തെരഞ്ഞെടുക്കുകയല്ല വേണ്ടത്. വിവിധ പദ്ധതികളും സാധ്യതകളും വിലയിരുത്തി വേണം ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കാന്‍. പരിരക്ഷാ വ്യവസ്ഥകള്‍, ചെലവുകള്‍, സേവന ശൃംഖല, അധിക നേട്ടങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വിവിധ പോളിസികള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. ഇവ വിലയിരുത്തണം.
ഇതിന് പരിരക്ഷ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റുകള്‍ പ്രയോജനപ്പെടുത്തുക, ഇൻഷുറൻസ് അഡ്വൈസര്‍മാരോട് ചോദിക്കുക, പദ്ധതികളുടെ സവിശേഷതകള്‍ വിപുലമായി വിലയിരുത്തുക എന്നിവയൊക്കെ വേണം. ഏറ്റവും സമഗ്രമായും ചെലവു കുറഞ്ഞ രീതിയിലും സേവനങ്ങള്‍ ലഭിക്കാനിത് സഹായിക്കും.
∙പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.
∙പ്രീമിയത്തിനും ഉപരിയായ കാര്യങ്ങള്‍ പരിഗണിക്കുക.
∙പരിധി വ്യവസ്ഥകള്‍ പരിഗണിക്കുക, ഒപ്പം ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുക്കുക.
∙ആവശ്യമെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടണം.
∙ദീര്‍ഘകാല സാമ്പത്തിക സുരക്ഷ നേടാന്‍ ഇവ സഹായകമാകും.
ലേഖകൻ സ്റ്റാർ ഹെൽത്തിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറാണ്