നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല, സ്വന്തം അടുപ്പില്‍ത്തന്നെ ഉണ്ടാകുന്നതാണ്

Mail This Article
അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളര്‍ത്താം എന്നാണ് ചിന്തിക്കേണ്ടത്.
കച്ചവടത്തില്‍ വിജയം എന്നത് മുന്‍പിന്‍ നോക്കാതെ കൂടുതല്‍ കൂടുതൽ സമ്പാദിക്കാനുള്ള ലൈസന്‍സല്ല. വിജയത്തിന്റെ വമ്പിലും വീമ്പിലും എല്ലാം വെട്ടിപ്പിടിക്കാനും എല്ലാവരെയും കെട്ടിപ്പിടിക്കാനുമുള്ള വ്യഗ്രത മനുഷ്യസഹജമാണ്. അവിടെയാണ് വിവേകം വേണ്ടത്. ആവശ്യസമയത്ത് ആവശ്യത്തിനായി എന്നു പറയാനുള്ള തിരിച്ചറിവുണ്ടാകുക എന്നതാണ് പ്രധാനം. നിങ്ങള്‍ നിങ്ങളുടെ മെത്ത ഒരുക്കിയാല്‍ പോരാ, അതില്‍ കിടക്കാനും പഠിക്കണം എന്നാണു പ്രമാണം.

കൂടുതല്‍ ലാഭം കൊയ്യാനുള്ള പരിശ്രമവും വളര്‍ച്ചയും വ്യാപാരത്തിലും വ്യവസായത്തിലും അത്യന്താപേക്ഷിതമാണ്. എന്നാല്‍, വരവു–ചെലവറിയാതെ വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ പതിയിരിക്കുന്ന അപകടങ്ങൾ അറിയാതെപോകും. മീന്‍പിടുത്തക്കാര്‍ പറയുംപോലെ ഒടുവില്‍ ഒറ്റാലിലുള്ളതും പോകും വടക്കുനിന്നു വന്നതും പോകും.
ആദ്യം ഒറ്റാലിലുള്ളതിൽ തൃപ്തിപ്പെട്ട് അതിനെ കൂടയിലേക്കു മാറ്റണം. എന്നാലെ കയ്യിലുള്ളതെങ്കിലും സുരക്ഷിതമായിരിക്കൂ. കോടികളുടെ ആസ്തിയുണ്ടെന്നു ലോകം വാഴ്ത്തിയ കമ്പനികള്‍പോലും ഈ ചെറിയ തിരിച്ചറിവില്ലായ്മ മൂലം തകര്‍ന്നതിന്റെ എത്ര ഉദാഹരണങ്ങളുണ്ട്. തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാവാതെ ജീവിതം തന്നെ വേണ്ടന്നു വച്ചവരുടെ എത്ര നേര്‍ച്ചിത്രങ്ങള്‍. നമ്മുടെ ബിസിനസിന്റെ വളര്‍ച്ച കണ്ട് കൂടുതല്‍ ആശയങ്ങളുമായി അടുപ്പക്കാര്‍ ഒപ്പംകൂടാം.
അവയൊക്കെയെടുത്തു ചുമലില്‍ വച്ചാലുണ്ടാകുന്ന ആപത്തുകള്‍ നാം തിരിച്ചറിയണം. വ്യാപ്തി കൂടുന്നതിനനുസരിച്ചു വ്യാധിയും കൂടിയാല്‍ പിന്നെ എന്തിനാണ് നാം ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് എടുത്തുചാടുന്നത്. സാധ്യതകളെക്കുറിച്ച് ആരായും മുൻപ് അതുണ്ടാക്കുന്ന ബാധ്യതകളെക്കുറിച്ച് ആലോചിക്കണം.
വളര്‍ച്ച എപ്പോഴും വ്യാപാരത്തിന്റെ സാമ്പത്തിക ഉറവിടത്തെ, അതിന്റെ അടിത്തറയെ ആശ്രയിച്ചാണിരിക്കുന്നത്. ഉയരങ്ങളിലേക്കു കുതിക്കാനുള്ള ആവേശത്തില്‍ കൂടുതല്‍ സാമ്പത്തിക തിരിമറികളിലേക്കു കടക്കുന്തോറും എല്ലാം തകിടംമറിഞ്ഞുതുടങ്ങും. ഒരു കള്ളം സത്യമാക്കാന്‍ നൂറു നുണകള്‍ പറയുകയും ഒടുവില്‍ എല്ലാ കള്ളവും വെളിച്ചത്താവുകയും ചെയ്യുന്നതുപോലെതന്നെയാണ് കച്ചവടത്തിന്റെ കാര്യത്തിലും സംഭവിക്കുക.

കൂടുതല്‍ കടബാധ്യതകളും അഡ്ജസ്റ്റ്‌മെന്റ് ബിസിനസുകളും തകര്‍ച്ചയുടെ നാന്ദികുറിക്കലാണ്. ‘ആന വായ പൊളിക്കുന്നതു കണ്ട് അണ്ണാന്‍ വായ പൊളിച്ചിട്ടെന്തു കാര്യം.’ ചുറ്റുമുള്ളവരുടെയും ഒപ്പമുള്ളവരുടെയും പെട്ടെന്നുള്ള വളര്‍ച്ച നമ്മളെ സ്വാധീനിക്കാന്‍ അനുവദിക്കേണ്ടതില്ല. അതായത് മറ്റുള്ളവരുടെ പാടത്തേക്കു നോക്കി സ്വന്തം വിളവ് ഉണക്കിക്കളയുന്നവര്‍ വിഡ്ഢികളാണ്. നമ്മുടെ വിളകളെ കളകളില്ലാതെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന ചിന്തയാണ് വേണ്ടത്. ആനന്ദം അന്യന്റെ തോട്ടത്തില്‍ വിളയുന്നതല്ല, നമ്മുടെ അടുപ്പില്‍ത്തന്നെ ഉണ്ടാകുന്നതാണ് എന്ന സത്യമാണ് ഏതൊരു കച്ചവടക്കാരനെയും മുന്നോട്ടു നയിക്കേണ്ടത്.
അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്പ് •
ഫെബ്രുവരി ലക്കം സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്