കുട്ടിക്കുസൃതികളുടെ ക്രിസ്മസ് ഉടുപ്പിലെ പുത്തൻ താരം
Mail This Article
മഞ്ഞുവീഴുന്ന ഡിസംബറിനെന്നും മൂന്നു നിറങ്ങളാണ് – ചുവപ്പ്, പച്ച, വെള്ള. ക്രിസ്മസ് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കും ഈ നിറങ്ങൾ തന്നെ. ഈ നിറങ്ങൾ മാറ്റിനിർത്തിയൊരു ക്രിസ്‌മസ് ട്രെൻഡിനെക്കുറിച്ച് ആലോചിക്കാനാകില്ല. പക്ഷേ പുതുമകളില്ലാതെ എന്താഘോഷം!
വീട്ടിലെ കുട്ടിക്കുസൃതികൾക്കായുള്ള പുതുവസ്ത്രങ്ങളിൽ ഇക്കുറി കോളറുകളാണ് താരം. ബെർത്ത കോളർ, ചെൽസ കോളർ, പീറ്റർ പാൻ എന്നിങ്ങനെ മനോഹരവും വ്യത്യസ്തവുമായ കോളറുകളിൽ കുഞ്ഞുടുപ്പുകൾ ആകർഷകം. ബെർത്ത കോളർ കുട്ടിയുടുപ്പുകൾക്കു നൽകുന്നത് കുസൃതിയുടെ ഫാഷൻ മേക്ക് ഓവറാണ്. കുരുന്നുകളുടെ പ്രസരിപ്പിന് അലങ്കാരമാകുന്നു ലെയ്സിൽ വിരിഞ്ഞു നിൽക്കുന്ന ഈ കോളർ സ്റ്റേറ്റ്മെന്റ്. ആഘോഷവേളയിലല്ലാതെ മറ്റ് അവസരങ്ങളിൽ ലളിതമായി ധരിക്കാൻ കഴിയുംവിധം ഡിറ്റാച്ചബിൾ കോളറും ചെയ്യുന്നുണ്ട്. ആവശ്യമില്ലെന്നു തോന്നുമ്പോൾ ഇത് എടുത്തുമാറ്റി ഡ്രസിന് സിംപിൾ ലുക്ക് നൽകാം. ലേസ് ബെർത്ത കോളറിൽ ക്രിസ്മസ് നിറങ്ങളിലുള്ള അലങ്കാരത്തുന്നലും ചേർത്തു വരുന്നുണ്ട്.
അൽപം മുതിർന്ന കുട്ടികളുടെ വസ്ത്രങ്ങളിൽ ഭംഗിയേറ്റുക ചെൽസ കോളറാണ്. അൽപം വിടർന്ന െനക്ക് പാറ്റേൺ ചേർന്നു വരുന്ന ചെൽസ കോളർ അൽപം ഗൗരവമുള്ള സ്റ്റൈൽ സ്റ്റേറ്റ്മെന്റാണെന്നു തോന്നും. ഒപ്പം ഏറെ ആകർഷകവും. ഏറെ പ്രിയമുള്ള പീറ്റർ പാൻ കോളറും കുട്ടികളുടെ ക്രിസ്മസ് വസ്ത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രായഭേദമില്ലാതെ ഈ കോളർ സ്റ്റേറ്റ്മെന്റ് ഏതു വസ്ത്രങ്ങളിലും പകർത്താം. ഇവയെല്ലാം തന്നെ ഡിറ്റാച്ചബിൾ ആയി ചെയ്യാമെന്നത് ഒരു വസ്ത്രത്തിന് രണ്ടു വ്യത്യസ്ത ലുക്ക് നൽകാനും സഹായിക്കും.
പതിവു ക്രിസ്മസ് നിറങ്ങൾ ചുവപ്പ്, പച്ച, വെള്ള എന്നിവയ്ക്കൊപ്പം കറുപ്പ്, ഗ്രേ നിറങ്ങൾ കൂടി വിപണിയിലെത്തിയിട്ടുണ്ട്. ചുവപ്പിലും കറുപ്പിലും ചെക്ക് ചേരുമ്പോൾ പോക്കറ്റിലും സ്‌ലീവിലും അലങ്കാരത്തുന്നലും ഇടംപിടിക്കുന്നു.
കുട്ടികൾക്കുള്ള വസ്ത്രങ്ങളാകുമ്പോൾ ധരിക്കാൻ സുഖപ്രദമായ തുണിത്തരമെന്നതിനു തന്നെയാണ് മുൻതൂക്കം. അതുകൊണ്ടു തന്നെ പ്ലെയിഡ്, ടർട്ടൻ, പ്ലീറ്റഡ് സാറ്റിൻ, ഹക്കോബ, ലേസ്, വെൽവെറ്റ് തുണിത്തരങ്ങളിലാണ് ക്രിസ്മസ് വസ്ത്രങ്ങൾ ഒരുക്കിയതെന്നു പറയുന്നു, കടവന്ത്രയിലെ കൊക്കൂൺ ഫോർ ഗാൽസ്, ഡിസൈനർ റിന്റി ജോർജ്.
Content Summary : Christmas dress trends for kids