സ്വർണം നേടിയ കളരിപ്പയറ്റും ഷൂട്ടിങ്ങും; ഇനി മിയയ്ക്ക് ഡയലോഗില്ല, ആക്ഷൻ മാത്രം

Mail This Article
മിയ അന്നയുടെ വീട്ടിൽ ചെന്നാൽ ആദ്യം ശ്രദ്ധിക്കുക ചുവരിൽ തൂക്കിയിട്ടിരിക്കുന്ന മെഡലുകളാണ്. പിന്നൊരു വലിയൊരു ഫോട്ടോയും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതിനു ശേഷമെടുത്ത, മെഡലും സർട്ടിഫിക്കറ്റും ഒക്കെയായി നിൽക്കുന്ന നല്ലൊരു ഫോട്ടോ. ഈ മെഡലുകൾ കിട്ടിയത് കളരിപ്പയറ്റിനും ഷൂട്ടിങ്ങിനുമൊക്കെയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതാവട്ടെ, കളരിപ്പയറ്റിൽ ഏറ്റവും കൂടുതൽ മെഡലുകൾ സ്വന്തമാക്കിയതിനും. 9 ാം ക്ലാസുകാരിയായ മിയ അന്ന തന്റെ ഈ ചെറു പ്രായത്തിനുള്ളിൽ നേടിയത് ദേശീയ ലെവലിലെ സ്വർണം വരെ. 2018 മുതലാണ് ഈ മിടുക്കി നാഷനൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ തുടങ്ങിയത്. അവസാനം നടന്ന ചാംപ്യൻഷിപ്പിൽ നാല് സ്വർണമെഡലുകളാണ് നേടിയത്.

പൊതുവിൽ ഏഴാം വയസിലാണ് കുട്ടികളെ കളരിയിൽ ചേര്‍ക്കുക. എന്നാൽ അന്ന ആറാം വയസിൽ തന്നെ കളരിപഠനം ആരംഭിച്ചു. ചെറുപ്പകാലത്ത് ജൂഡോ അഭ്യസിക്കുകയും നാഷനൽ വരെ പോവുകയും ചെയ്ത ഗിരീഷ് കെ. പാലറ്റ് എന്ന അച്ഛനാണ് മകൾക്ക് ഇങ്ങനെ ഒരു വഴി കാണിച്ചത്. അച്ഛന്റെ സുഹൃത്തായ തടിയ്ക്കൽ ഗുരുക്കൾ കളരിയെപ്പറ്റി പറഞ്ഞതോടെ മകളെ അദ്ദേഹത്തിന്റെ ശിഷ്യയാക്കി. ഇപ്പോൾ മിയ 9 വർഷമായി കളരി പഠിക്കുന്നു. ഒപ്പം ഷൂട്ടിങ്ങിലും


കളരി പഠിച്ചാൽ ഗുണം പലതാണെന്ന് മിയ പറയുന്നു. പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റും, കായിക ഇനങ്ങളിൽ നന്നായി മത്സരിക്കാൻ പറ്റും.ഷൂട്ടിങ്ങിൽ തന്റെ ശ്രദ്ധ കൂട്ടുന്നതും കളരി തന്നെ. മക്കളെ ഒറ്റയ്ക്കു വിടാൻ പേടിയുള്ള ഒരുപാട് മാതാപിതാക്കൾ ചുറ്റിലുമുണ്ട്, എന്നാൽ തനിക്കും തന്റെ മാതാപിതാക്കൾക്കും അങ്ങനെയൊരു പേടിയില്ല. അതിനു കാരണം കളരി തന്നെയാണെന്ന് മിയ പറയുന്നു. ''സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങള്‍ കാണുമ്പോഴും പെൺകുട്ടികൾ എന്തെങ്കിലും അഭ്യാസങ്ങൾ പഠിച്ചിരിക്കണം എന്നു തന്നെയാണ് അഭിപ്രായം. കളരിയാണെങ്കിൽ ഒന്നുകൂടി നല്ലത്.'' അമ്മയായ സിനു പി. മാണി പറയുന്നു.
ഡോ. ബൈജു വർഗീസിന്റെ നേതൃത്വത്തിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു നിർത്തിയാണ് കളരി പഠിപ്പിക്കുന്നത്. ഏതു പ്രശ്നങ്ങളെ നേരിടാനും ഇങ്ങനെ ഒരുമിച്ചുള്ള പഠനമാണ് കൂടുതൽ ഫലവത്തെന്നാണ് അദ്ദേഹം പറയുന്നത്. മിയ മിടുക്കിയായ ശിഷ്യയാണെന്നും ഡോ. ബൈജു വർഗീസ് പറയുന്നു. ''2018ൽ മൈസൂരിൽ നടന്ന കളരിപ്പയറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മത്സരങ്ങളിൽ 21 സംസ്ഥാനങ്ങൾ പങ്കെടുത്തു. അതിലെ സബ്ജൂനിയർ വിഭാഗത്തിൽ മിയയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. നാഷണൽ ലെവലിൽ ഇതുവരെ 7 ഗോൾഡും 1 സിൽവറും മിയ കരസ്ഥമാക്കിയിട്ടുണ്ട്''- ഗുരുവിന്റെ വാക്കുകളിൽ അഭിമാനം.
മിയ ആളൊരു കിടിലമാണെങ്കിലും അധികം സംസാരപ്രിയയല്ല. അവൾ സംസാരത്തിൽ അൽപം പുറകിലോട്ടു നിൽക്കുമെങ്കിലും ഷൂട്ടിങ് റേഞ്ചിലോ കളരിയിലോ ഇറങ്ങിയാൽ പിന്നെ ഫുൾ ആക്ഷനാണെന്ന് മിയയുടെ അച്ഛൻ ഗിരീഷ് പറയുന്നു. അച്ഛനും അമ്മയും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ചേച്ചിയുമാണ് മിയയുടെ ഏറ്റവും വലിയ സപ്പോർട്ട്. അച്ഛൻ വീട്ടില്‍ തന്നെ 10 മീറ്റർ ഷൂട്ടിങ് റേഞ്ചും കളരി പ്രാക്ടീസ് ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹോബി എന്താണെന്നു ചോദിച്ചാൽ കളരിപ്പയറ്റും, ഷൂട്ടിങ്ങും പ്രാക്ടീസ് ചെയ്യുന്നതാണ് എന്നുതന്നെയാണ് മറുപടിയും.
മിയയ്ക്ക് ഭാവിയിൽ സിവിൽ സർവീസിൽ കയറണമെന്നാണ് താത്പര്യം. അത് വെറുമൊരു ആഗ്രഹമല്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം മുതൽ സിവിൽ സർവീസ് കോച്ചിങ്ങിനും പോകുന്നുണ്ട്. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും കളരിയും ഷൂട്ടിങ്ങുമൊന്നും വിട്ടുകളയില്ലെന്ന് മിയ പറയുന്നു. എന്തായാലും മിയയും അവളുടെ കളരിയും ഷൂട്ടിങ്ങുമെല്ലാം വീട്ടുകാർക്കും നാട്ടുകാർക്കും അഭിമാനം തന്നെയാണ്.
Content Summary: Kalari and shooting , life line of Miya