ചമയങ്ങൾ അണിഞ്ഞ് അപ്പുച്ചേട്ടനും അജുക്കുട്ടനും; മക്കൾക്ക് പിന്തുണയുമായി അമ്പിളിദേവിയും

Mail This Article
ആഭരണങ്ങൾ അണിഞ്ഞ്, ചമയങ്ങൾ അണിഞ്ഞ് പുരുഷൻമാർ സ്ത്രീകളായി എത്തുന്നു. കൊല്ലം ചവറയിലെ കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉത്സവത്തിനാണ് ഇത്തരത്തിൽ പുരുഷൻമാർ സ്ത്രീകളായി മാറുന്നത്. മീന മാസത്തിലെ പത്ത്, പതിനൊന്ന് രാത്രികളിലാണ് ഇവിടെ ചമയവിളക്ക് ഉത്സവം നടക്കുന്നത്. നാടിന്റെ നാനാദിക്കുകളിൽ നിന്ന് ചമയവിളക്കിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തും. നടിയും നർത്തകിയുമായ അമ്പിളിദേവി തന്റെ രണ്ട് ആൺമക്കൾക്കൊപ്പവും ചമയവിളക്കിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മക്കളായ അപ്പുവും അജുക്കുട്ടനും ചമയവിളക്കിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അമ്പിളിദേവി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'കൊറ്റൻകുളങ്ങര ചമയവിളക്ക് 2025' എന്ന അടിക്കുറിപ്പ് മാത്രം നൽകിയാണ് അമ്പിളിദേവി ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ഞനിറത്തിലുള്ള ഹാഫ് സാരിയാണ് അപ്പു അണിഞ്ഞിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും ഒപ്പം മാലയും വളയുമെല്ലാം അപ്പു അണിഞ്ഞിട്ടുണ്ട്.
പട്ടുപാവാടയും ബ്ലൗസുമാണ് അജുക്കുട്ടന്റെ വേഷം. തലയിൽ മുല്ലപ്പൂവും ഒപ്പം കമ്മലും മാലയും വളയുമെല്ലാം അജുക്കുട്ടനും അണിഞ്ഞിട്ടുണ്ട്. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയുമാണ് ഇരുവരും അമ്മയ്ക്കൊപ്പം എത്തി ചമയവിളക്കിൽ പങ്കെടുത്തത്. രണ്ടുപേരും നല്ല സുന്ദരിമാരായല്ലോ എന്നാണ് കമന്റ് ബോക്സിൽ നിറയെ. അപ്പുവും അജുക്കുട്ടനും വിളക്ക് എടുത്തിരുന്നു. സ്നേഹം കൊണ്ട് രണ്ടുപേരെയും പൊതിയുകയാണ് കമന്റ് ബോക്സിൽ പ്രിയപ്പെട്ടവർ.