കുറച്ചില്ലെങ്കിൽ അപകടമാണേ : വലിയ ആരോഗ്യവെല്ലുവിളികളാണ് മുന്നിലുള്ളത്
Mail This Article
∙ വണ്ണവും അമിതവണ്ണവും കടന്ന് പൊണ്ണത്തടിയിലെത്തി നിൽക്കുന്നവർക്കു മുന്നിലുള്ളത് വലിയ ആരോഗ്യവെല്ലുവിളികളാണ്. ഇവയ്ക്കെതിരെ ∙ഒത്തൊരുമിച്ചു പ്രവർത്തിക്കാം’ (Everybody needs to act) എന്ന ആഹ്വാനവുമായി ഇന്ന് ലോക പൊണ്ണത്തടിദിനം ആചരിക്കുന്നു.
∙ ഇപ്പോൾ കൂട്ടുകാർക്കു സംശയമായിക്കാണും അമിതവണ്ണവും (over weight) പൊണ്ണത്തടിയും (obesity) തമ്മിലുള്ള വ്യത്യാസം എന്താണെന്ന്, അല്ലേ? ശരീരത്തിന്റെ ഭാരവും ഉയരവും തമ്മിലുള്ള അനുപാതമാണ് ബോഡി മാസ് ഇൻഡക്സ്. BMI = KG/ M2 ആണ്. അതായത് ശരീരഭാരത്തെ (കിലോഗ്രാം) ഉയരത്തിന്റെ വർഗം (മീറ്റർ സ്ക്വയർ) കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന തുക. ഇത് ഇരുപത്തിയഞ്ചോ അതിൽ കൂടുതലോ ആണെങ്കിൽ അമിതവണ്ണം, മുപ്പതോ അതിൽ കൂടുതലോ ആണെങ്കിൽ പൊണ്ണത്തടി എന്നാണു ലോകാരോഗ്യസംഘടന നിർവചിക്കുന്നത്.
∙ എന്താണ് അമിതവണ്ണത്തിന്റെയും പൊണ്ണത്തടിയുടെയും കാരണം? ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ്, മധുരം, കൊഴുപ്പ്, റെഡ് മീറ്റ് എന്നിവ കൂടുതലായി കഴിക്കുന്നതും വ്യായാമക്കുറവുമാണു പ്രധാനം. സാധാരണ ആഹാരമാണെങ്കിലും അമിതമായി കഴിച്ചാൽ വണ്ണം കൂടും. ബേക്കറി പലഹാരങ്ങളും വറ പൊരി വിഭവങ്ങളും, ഐസ്ക്രീമും മിഠായിയുമെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്നു ചുരുക്കം.
∙ പാരമ്പര്യം, പരിസ്ഥിതി ഘടകങ്ങൾ, മറ്റു രോഗങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയും പൊണ്ണത്തടിയിലേക്കു നയിക്കുന്നു.
∙ അഞ്ച് വയസ്സിൽ താഴെയുള്ള 4 കോടിയോളം കുട്ടികൾ പൊണ്ണത്തടി വിഭാഗത്തിൽപെടുന്നതായാണു 2020ലെ കണക്ക്. ശ്രദ്ധിച്ചില്ലെങ്കിൽ 2030 ആകുമ്പോഴേക്കും ഇത് 25 കോടിയാകുമത്രേ!
∙ 80 കോടി ജനങ്ങൾ ലോകമെമ്പാടും വണ്ണ പ്രശ്നത്തിൽ’ പെടുന്നതിൽ പേടിക്കാനെന്താണ്? ജീവിതശൈലീ രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണിത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
∙ ഹൃദയരോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, സ്ട്രോക്ക് തുടങ്ങിയവ ബാധിച്ചുള്ള മരണനിരക്ക് ഇക്കൂട്ടരിൽ കൂടുതലാണ്.
∙ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ കണക്കെടുത്താൽ അമിതവണ്ണക്കാർ മറ്റുള്ളവരെക്കാൾ ഇരട്ടിയാണ്.
∙ 2020 മുതലാണ് പൊണ്ണത്തടിക്കെതിരെ പ്രത്യേക ദിനാചരണം ആരംഭിച്ചത്. സന്തുലിതമായ ജീവിതശൈലിയിലൂടെ (ആവശ്യത്തിന് നല്ല ആഹാരം, ആവശ്യത്തിനു വ്യായാമം, ആരോഗ്യമുള്ള മനസ്സ്) പൊണ്ണത്തടിയെ പടിക്കു പുറത്താക്കുകയാണു ലക്ഷ്യം.
∙ കുട്ടികൾ എപ്പോഴും ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ ഓടിക്കളിക്കണമെന്നും വീട്ടിലുണ്ടാക്കുന്ന ആരോഗ്യഭക്ഷണം തന്നെ കഴിക്കണമെന്നും പറയുന്നത് എന്തിനാണെന്നു മനസ്സിലായല്ലോ, അല്ലേ.
English Summary : World obesity day