വലിയഴീക്കൽ പാലം നിർമാണം നീളും

Mail This Article
തൃക്കുന്നപ്പുഴ∙ ആലപ്പുഴ – കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ നിർമാണജോലികൾ എഴുപത്തഞ്ച് ശതമാനത്തോളം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിനു വേണ്ട മുഴുവൻ സ്ഥലവും ലഭ്യമാക്കാനാകാത്തതു ജോലികളുടെ പുരോഗതിക്കു തടസ്സമാകുന്നു. വലിയഴീക്കലിൽ രണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 30 മീറ്റർ സ്ഥലവും കൊല്ലം ജില്ലയിലെ അഴീക്കലിൽ നാലു പേരുടെ 50 മീറ്റർ സ്ഥലവുമാണ് ഇനി ലഭിക്കുവാനുള്ളത്.അത് ഏറ്റെടുത്തു കരാറുകാർക്കു കൈമാറിയാൽ മാത്രമേ അവിടെ ജോലികൾ നടപ്പാക്കാൻ കഴിയുകയുള്ളു. സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ട തുക സർക്കാർ അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നടപടി നീളുകയാണ്.
സ്ഥലത്തിന്റെ രേഖകളുടെ പരിശോധന പൂർത്തീകരിച്ചതായും കൈമാറ്റം സംബന്ധിച്ച രേഖകൾ തയാറാക്കി വരുന്നതായുമാണു പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം പറയുന്നത്. 976 മീറ്റർ നീളം വരുന്ന പാലത്തിനു ഇരുകരകളിലെയും അപ്രോച്ച് ഉൾപ്പെടെ 1290 മീറ്റർ നീളമാണ് ഉണ്ടാവുക. പാലത്തിന്റെ നിർമാണ ജോലികൾ 2016 മേയിലാണ് ആരംഭിച്ചത്. സ്ഥലത്തിന് സർക്കാർ തുക അനുവദിക്കാൻ വൈകിയതും കാര്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. അഴീക്കൽ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ജോലികൾ നേരത്തെ നടപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിർമാണ സാമഗ്രികൾ അതുവഴി പാലത്തിൽ എത്തിച്ച് ജോലി നടക്കുന്ന ഭാഗങ്ങളിൽ സുഗമമായി എത്തിക്കാൻ കഴിയുമായിരുന്നു.
പാലത്തിൽ 110 മീറ്റർ വീതം നീളം വരുന്ന മൂന്ന് ആർച്ചുകളാണ് ഉണ്ടാവുക. ഇവയിൽ രണ്ടെണ്ണത്തിന്റെ ജോലികൾ പൂർത്തീകരിച്ചു. മൂന്നാമത്തെ ആർച്ചിന്റെ ജോലി നടക്കുകയാണ്. ലോക് ഡൗണിനു മുൻപ് നൂറ്റി അൻപതിൽപരം അതിഥിത്തൊഴിലാളികൾ ജോലിക്ക് ഉണ്ടായിരുന്നു. ഇതിൽ പലരും തിരിച്ചു പോയി. ഏറെപ്പേരും മടങ്ങിയെത്തിയില്ല. അൻപതോളം തൊഴിലാളികളാണ് ഇപ്പോഴുള്ളത്. 140 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം 2021 മാർച്ചിൽ തുറന്നു കൊടുക്കാനാണു ലക്ഷ്യമിട്ടിരുന്നത്. വിവിധ തടസ്സങ്ങൾ ഉണ്ടായതിനാൽ 2021 ഡിസംബറിലേ ജോലി പൂർത്തീകരിക്കാൻ സാധ്യതയുള്ളൂ.