ADVERTISEMENT

ആലപ്പുഴ ∙ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷവും ജില്ലയിൽ പൂർണമായി ക്ലാസുകൾ തുടങ്ങിയതു വളരെക്കുറച്ച് കോളജുകളിൽ മാത്രം. സർവകലാശാല പരീക്ഷകളും വെള്ളക്കെട്ടുമാണു വില്ലനായത്. ‌പല കോളജുകളിലും ക്ലാസുകൾ നാളെ മുതലേ ആരംഭിക്കുകയുള്ളൂ. നഗരത്തിലെ കോളജുകളിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം പ്രതീകാത്മകമായി നടന്നു. സർവകലാശാല പരീക്ഷകൾ നടക്കുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളാനാകാത്തതിനാലാണു ക്ലാസുകൾ ഇന്നലെ ആരംഭിക്കാതിരുന്നതെന്നും നാളെ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഒന്നാം വർഷക്കാരെ വരവേൽക്കാൻ വിദ്യാർഥി സംഘടനകളുടെ സ്വാഗത ബാനറുകളും ബോർഡുകളും ഇന്നലെ തന്നെ ഉയർന്നിരുന്നു. എസ്‌ഡി കോളജിൽ അവസാനവർഷ ഡിഗ്രി, പിജി ക്ലാസുകൾ പതിവുപോലെ തുടർന്നു. സെന്റ് ജോസഫ്സ് കോളജിൽ പരീക്ഷ തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ 30 വരെ തുടരും. വെള്ളപ്പൊക്ക ദുരിതങ്ങൾ വിട്ടൊഴിയാത്തതിനാൽ കുട്ടനാട്ടിൽ നാളെ മുതലാണു ക്ലാസുകൾ തുടങ്ങുക. പുളിങ്കുന്ന് എൻജിനീയറിങ് കോളജ് ഹോസ്റ്റലുകളിലടക്കം വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലാണു ക്ലാസുകൾ 2 ദിവസത്തേക്കു കൂടി ഓൺലൈനാക്കിയത്. 

അമ്പലപ്പുഴ

അമ്പലപ്പുഴ ഗവ. കോളജിൽ ഒന്ന്, രണ്ട് വർഷ വിദ്യാർഥികൾക്കു നിർദേശങ്ങളുമായെത്തിയത് സീനിയർ വിദ്യാർഥികൾ. പ്രധാന കവാടത്തിൽ തൂക്കിയ പഴക്കുലയിൽ നിന്നു മധുരം നൽകി സീനിയർ വിദ്യാർഥികൾ തന്നെ പുതിയ ബാച്ചിലെ വിദ്യാർഥികളെ ക്ലാസ് മുറികളിലെത്തിച്ചു. ബാച്ചുകളിലെല്ലാം ഹാജർ 100 ശതമാനം. 

ഹരിപ്പാട്

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ ഒന്നാം വർഷ ക്ലാസുകൾ തുടങ്ങി. രണ്ടാം വർഷ ക്ലാസുകൾ ഉണ്ടായിരുന്നില്ല. 90 ശതമാനം കുട്ടികൾ ഹാജരായിരുന്നു. കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ പരീക്ഷ നടക്കുന്നതിനാൽ ക്ലാസുകളുണ്ടായിരുന്നില്ല. നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലും 98 ശതമാനം ഹാജർ ഉണ്ടായിരുന്നു.

മാവേലിക്കര

പരീക്ഷ നടക്കുന്നതിനാൽ പല കോളജുകളിലും റഗുലർ ക്ലാസുകൾ നടന്നില്ല. മാവേലിക്കര ഐഎച്ച്ആർ‍‍ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 82% ഹാജർ. മാവേലിക്കര ബിഷപ് മൂർ കോളജിൽ എല്ലാ വിദ്യാർഥികളും ആദ്യ ദിനമെത്തി. മാവേലിക്കര കല്ലുമല മാർ ഇവാനിയോസ് കോളജിൽ അവസാന വർഷ ബാച്ചുകൾക്കു മാത്രമായിരുന്നു ക്ലാസ്. 100% ഹാജർ. രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ എല്ലാ വിദ്യാർഥികളും കോളജിലെത്തി. 

ചെങ്ങന്നൂർ 

മേഖലയിൽ യാത്രാസൗകര്യമാണു കുട്ടികളെ വലയ്ക്കുന്നത്. ക്രിസ്ത്യൻ കോളജ്, ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ് അധികൃതർ കെഎസ്ആർടിസി സർവീസ് തുടങ്ങാൻ കത്തു നൽകും.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ  75% ആയിരുന്നു ഇന്നലത്തെ ഹാജർനില. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിൽ 80% ഹാജർ ഉണ്ടായിരുന്നു.  ചെങ്ങന്നൂർ പേരിശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് തുടങ്ങിയില്ല. ചെങ്ങന്നൂർ ശ്രീനാരായണ കോളജിൽ സ്പോട് അഡ്മിഷൻ പൂർത്തിയായ ശേഷം നവംബറിലേ ക്ലാസുകൾ തുടങ്ങൂ. 

കായംകുളം 

പരീക്ഷ നടക്കുന്നതിനാൽ  ആരവങ്ങളില്ലാതെയായിരുന്നു എംഎസ്എം കോളജിൽ പുതിയ ബാച്ച് തുടങ്ങിയത്. ഒന്നാം വർഷം ബികോം ഒഴികെ ആർട്സ്, സയൻസ് വിഷയങ്ങളിൽ 9 ക്ലാസുകൾ നടന്നു. 

പൂച്ചാക്കൽ

പള്ളിപ്പുറം എൻഎസ്എസ് കോളജിൽ ഇന്നലെ ഒന്നാംവർഷ വിദ്യാർഥികൾക്കു മാത്രമാണ് ക്ലാസുണ്ടായിരുന്നത്. 400 വിദ്യാർഥികൾ പുതുതായി ചേർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com