യുവതിക്ക് ‘ഹായ്’ അയച്ചു; ആൺസുഹൃത്തും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

Mail This Article
ചേർത്തല∙ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടുന്ന ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിൽ കെട്ടിയിട്ടു മർദിച്ചു. അരുക്കൂറ്റി തെക്കേ കണിച്ചുകാട്ടിൽ ജിബിൻ ജോർജിനാണ്(29) മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ജിബിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അരൂക്കുറ്റി സ്വദേശി പ്രഭജിത്ത് ഉൾപ്പെടെ 6 പേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു.
പ്രഭജിത്തിന്റെ പെൺസുഹൃത്തിനു ജിബിൻ സമൂഹമാധ്യമത്തിലൂടെ ‘ഹായ്’ എന്ന സന്ദേശം അയച്ചതു വൈരാഗ്യത്തിനു കാരണമായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരൂക്കുറ്റി പാലത്തിനു സമീപം സ്കൂട്ടറിൽ പോയ ജിബിനെ കാറിലെത്തിയ പ്രഭജിത്തും സുഹൃത്ത് സിന്തലും ചേർന്നു തട്ടിക്കൊണ്ടുപോകുകായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടശേഷം മരത്തടി ഉപയോഗിച്ചായിരുന്നു മർദനം. മർദനത്തിൽ ജിബിന്റെ വാരിയെല്ലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റു.
ജിബിനെ കാണാതായതിനെത്തുടർന്നു കുടുംബം പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച സംഘത്തിന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ട ജിബിൻ പരുക്കുകളോടെ വീട്ടിലെത്തിയപ്പോഴാണു വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നു പൂച്ചാക്കൽ പൊലീസ് പറഞ്ഞു.