രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലം ഉദ്ഘാടനം 6ന്; പ്രധാനമന്ത്രി എത്തും

Mail This Article
ചെന്നൈ ∙ രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലം രാമനവമി ദിനമായ ഏപ്രിൽ 6നു പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രി, രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുക്കും. തുടർന്ന് രാമേശ്വരം ആലയം മൈതാനത്ത് ഉച്ചയ്ക്ക് 12.45നാണ് ചടങ്ങ്. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 531 കോടി രൂപ ചെലവിൽ 2.2 കിലോമീറ്റർ നീളമുള്ള പാലം നിർമിച്ചത്. കപ്പലുകൾ ഉൾപ്പെടെ കടന്നു പോകുന്ന വിധം പാലം മുകളിലേക്ക് 17 മീറ്റർ ഉയർത്താനാകും. പഴയ പാമ്പൻ റെയിൽപ്പാലത്തിനേക്കാൾ 3 മീറ്റർ കൂടി ഉയരം കൂട്ടിയാണു പുതിയ പാലം നിർമിച്ചത്. ഉദ്ഘാടനത്തിനു മുന്നോടിയായി പ്രത്യേക ട്രെയിൻ പുതിയ പാലത്തിലൂടെ മണ്ഡപം റെയിൽവേ സ്റ്റേഷനിലെത്തിച്ചു.