ബൈക്ക് റേസിങ് നടത്തിയ യുവാക്കളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇടിച്ചിട്ടു; 2 പൊലീസുകാർക്ക് പരുക്ക്

Mail This Article
ചെന്നൈ ∙ നഗരവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി നിരത്തുകളിൽ വീണ്ടും ബൈക്ക് റേസിങ് സംഘത്തിന്റെ വിളയാട്ടം. പൊലീസ് നടത്തിയ പരിശോധനയിൽ 40 ബൈക്കുകൾ പിടിച്ചെടുത്തു. തടയാൻ ശ്രമിച്ച പൊലീസുകാരെ ഇടിച്ചിട്ടും മറ്റുമാണ് യുവാക്കൾ കടന്നുകളഞ്ഞത്. അപകടത്തിൽ 2 പൊലീസുകാർക്ക് പരുക്കേറ്റു. ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർപ്ലേറ്റ് തലതിരിച്ചുവച്ചും മുഖംമറച്ചുമാണു യുവാക്കൾ സാഹസികപ്രകടനം നടത്തുന്നത്.
കാതടപ്പിക്കുന്ന ശബ്ദം, പിടിതരാത്ത പാച്ചിൽ
കൂടുതൽ വേഗവും ശബ്ദവും ലഭിക്കുന്നതിനായി മോഡിഫൈ ചെയ്ത വാഹനങ്ങളാണ് പല യുവാക്കൾ ഉപയോഗിക്കുന്നത്. മറ്റു യാത്രക്കാർക്കിടയിലൂടെ ചീറിപ്പാഞ്ഞും വാഹനത്തിന്റെ മുൻഭാഗം ഉയർത്തി മുന്നോട്ടുനീങ്ങിയും മറ്റുമാണ് സാഹസിക പ്രകടനം നടത്തുന്നത്. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇവയുടെ ശബ്ദം.കഴിഞ്ഞദിവസം മൗണ്ട് റോഡ്, കോടമ്പാക്കം, ട്രിപ്ലിക്കേൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണു റേസിങ് സംഘത്തെ പൊലീസ് പിടികൂടിയത്. അണ്ണാ നഗർ സെക്കൻഡ് മെയിൻ റോഡിൽ നിന്ന് 9 വാഹനങ്ങളും കോടമ്പാക്കം 100 ഫീറ്റ് റോഡിൽ നിന്ന് 6 വാഹനങ്ങളും സമീപ പ്രദേശങ്ങളിൽനിന്നായി കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
വാഹനം പിടികൂടുന്നതിനിടെ കടക്കാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ പൊലീസുകാരുടെ കൈകൾക്കും കാലിനും പരുക്കേറ്റു. എല്ലാവരെയും താക്കീത് നൽകി വിട്ടയച്ചെന്നും ആവർത്തിച്ചാൽ അറസ്റ്റ് ചെയ്യുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.നഗരത്തിൽ ഒരിടവേളയ്ക്കു ശേഷമാണ് ബൈക്ക് റേസിങ് വീണ്ടും ഭീതി പരത്തുന്നത്, നേരത്തേ വ്യാപകമായിരുന്ന റേസിങ് പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണു നിലച്ചത്. പുതുവർഷ രാത്രികളിലും മറ്റു വിശേഷ ദിവസങ്ങളിലുമായിരുന്നു റേസിങ് കൂടുതലായി നടന്നിരുന്നത്. മറ്റു യാത്രക്കാരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന ഈ അഭ്യാസങ്ങൾക്കെതിരെ വ്യാപക പരാതി ലഭിച്ചതോടെയാണ് ശക്തമായ നടപടികളെടുത്തത്. കാതടപ്പിക്കുന്ന വലിയ ശബ്ദം കേൾവിയെയും ഹൃദ്രോഗം അടക്കമുള്ള പ്രശ്നങ്ങളുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
മധുരയിലും മത്സരയോട്ടം
കഴിഞ്ഞദിവസം മധുരയിലും യുവാക്കളുടെ നേതൃത്വത്തിൽ ബൈക്കുകളുടെ മത്സരയോട്ടം അരങ്ങേറി. തെക്കുവാസലിൽ അൻപതോളം പേരാണ് റേസിങ് നടത്തിയത്. എല്ലാവരുടെയും വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും റേസിങ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.