ദീർഘദൂര സർവീസുകൾ കുറവ്; ബസ് സ്റ്റാൻഡുകളിൽ വൻതിരക്ക്
Mail This Article
കൊച്ചി ∙ ഈസ്റ്റർ ദിനത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ബസുകളിൽ വൻ തിരക്ക്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിൽ രാത്രി വൈകിയും യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ദീർഘദൂര യാത്രക്കാരായ പലർക്കും ബസ് കിട്ടാനായി ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു. ദീർഘദൂര സർവീസുകൾ കുറവായതാണു യാത്രക്കാരെ വലച്ചത്. എറണാകുളം ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തേക്കു കെഎസ്ആർടിസി 5 സ്പെഷൽ സർവീസുകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഈ ബസുകളിലെല്ലാം യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു.
ഇതിനിടെ വൈകിട്ടു മഴയും പെയ്തതോടെ യാത്രക്കാരുടെ ദുരിതം കൂടി. പലരും മഴയിൽ നനഞ്ഞാണു സ്റ്റാൻഡിലെത്തിയത്. കോട്ടയം ഭാഗത്തേക്കു മതിയായ തോതിൽ ബസുകളില്ലാത്തതു യാത്രക്കാരെ വലച്ചു. പലർക്കും മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണു ബസ് കിട്ടിയത്. സ്വകാര്യ ബസുകളും കുറവായിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾക്കു വേണ്ടിയും ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു.