കളമശേരി യൂണിവേഴ്സിറ്റി കോളനിയിൽ വീണ്ടും മണ്ണിടിയുന്നു

Mail This Article
കളമശേരി ∙ നഗരസഭ 21–ാം വാർഡിൽ യൂണിവേഴ്സിറ്റി കോളനിയിൽ വീണ്ടും മണ്ണിടിയുന്നു. ബുധനാഴ്ച ഉച്ചയ്ക്കു മണ്ണിടിഞ്ഞ് ഇവിടെ 30 അടിയോളം ഉയരത്തിൽ നിർമിച്ചിട്ടുള്ള മതിലിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണിരുന്നു. ഇവിടെത്തന്നെയാണു വീണ്ടും മണ്ണിടിഞ്ഞത്. രണ്ടാം ദിവസവും സ്ഥലം സന്ദർശിച്ച തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസർ അബ്ദുൽ ജബ്ബാർ മണ്ണിടിച്ചിൽ തുടരാനുള്ള സാഹചര്യമുള്ളതിനാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു റിപ്പോർട്ട് നൽകി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീടുകൾ ഭീഷണിയിലായതിനെത്തുടർന്നു 2 കുടുംബങ്ങളോടു മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പരിഹാരം കാണുന്നതിലെ കാലതാമസം ഇവരെയും ആശങ്കയിലാക്കി.
മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല. ബലമുള്ള കോൺക്രീറ്റ് മതിൽ നിർമിക്കുകയാണു ശാശ്വത പരിഹാരമെന്ന് അധികാരികൾ പറഞ്ഞു. മണ്ണ് കുഴിച്ചെടുത്തു വിറ്റശേഷമാണു സ്ഥലമുടമകൾ കരിങ്കല്ലുപാകിയുള്ള മതിൽ നിർമിച്ചത്. 2 വർഷം മുൻപാണു മതിൽ നിർമിച്ചത്. മണ്ണെടുത്തു മാറ്റിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇവരെക്കൊണ്ടു മതിൽ ബലപ്പെടുത്തി വീണ്ടും നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരാണു മണ്ണെടുത്തു വിറ്റതെന്നു സമീപവാസികൾ പറഞ്ഞു.നഗരസഭാധ്യക്ഷ സീമ കണ്ണനും കൗൺസിലർമാരും സ്ഥലം സന്ദർശിച്ചു.