മണീട് ശ്രാപ്പിള്ളി തേക്കുമലയിൽ മണ്ണെടുപ്പിനെതിരെ പ്രതിഷേധം ശക്തം

Mail This Article
പിറവം∙നാട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു മണീട് ശ്രാപ്പിള്ളി തേക്കുമലയിൽ മണ്ണെടുപ്പ്. ജനവാസമേഖലയിൽ മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച കർമസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷമായിരുന്നു നടപടി.പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ജോസഫ്, സിപിഎം ലോക്കൽ സെക്രട്ടറി ബിജു സൈമൺ, സിപിഐ ലോക്കൽ സെക്രട്ടറി കെ.ടി.ഭാസ്കരൻ, സഹകരണബാങ്ക് പ്രസിഡന്റ് പോൾ വർഗീസ്,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ 22 ഓളം പേരെയാണു ഇന്നലെ രാവിലെ രാമമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.
സമര പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.പൊലീസ് നടപടിയിൽ പ്രതിഷേധം കടുത്തതോടെ ഇവർക്കു പിന്നീടു ജാമ്യം അനുവദിച്ചു. വാഹനവും വിട്ടു നൽകി. മേഖലയിൽ വ്യാപക പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന മണ്ണെടുപ്പിനെതിരെ നാളുകളായി ജനരോഷം ശക്തമായിരുന്നു.അടുത്തയിടെ മണ്ണെടുക്കുന്നതിനു കോടതിയുടെ അനുമതി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നാലെ പഞ്ചായത്ത് റോഡിലൂടെ അനുമതിയില്ലാതെ ഭാരവാഹനങ്ങൾ സർവീസ് നടത്തുന്നതു നിരോധിച്ച പ്രമേയം പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു.
ഇതിനിടയിലാണു ഇന്നലെ മണ്ണുമാന്തി യന്ത്രങ്ങളും ടോറസ് ലോറികളുമായി മണ്ണെടുക്കുന്നതിനു സംഘം എത്തിയത്.പൊലീസും സ്ഥലത്തെത്തി. നാട്ടുകാർ സംഘടിച്ചതോടെ കോടതി നിർദേശം ഉണ്ടെന്നും മണ്ണെടുപ്പു തടയാനാകില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ചുള്ള കേസ് കോടതി ഇന്നലെ പരിഗണിക്കുന്നുണ്ടെന്നും തീരുമാനം അറിഞ്ഞതിനു ശേഷം നടപടി തുടരാമെന്നും പ്രസിഡന്റ് .ജെ.ജോസഫ് ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. വാദ പ്രതിവാദത്തിനിടെ അറസ്റ്റിലേക്കു കടക്കുകയായിരുന്നു.