ചരിത്രത്തിലേക്ക് മിഴി തുറക്കാം: ഉദയംപേരൂർ സുന്നഹദോസ് പള്ളിയിലെ നവീകരിച്ച മ്യൂസിയം 12ന് തുറക്കും

Mail This Article
ഉദയംപേരൂർ ∙ പള്ളികളിൽ ഉപയോഗിച്ചിരുന്ന പുരാതനമായ മണിക്കാസായും വട്ടെഴുത്തുകളും പുരോഹിതന്മാർ കുർബാനയ്ക്ക് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഉൾക്കൊള്ളിച്ച, ഉദയംപേരൂർ സുന്നഹദോസ് പള്ളിയിലെ നവീകരിച്ച മ്യൂസിയം 12ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും. സുന്നഹദോസ് പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണു മ്യൂസിയം കൂടി ഇപ്പോൾ മോടി പിടിപ്പിച്ചത്.

കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ രാജകുടുംബമായ വില്ലാർവട്ടം തോമാ രാജാവ് എഡി 510ൽ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ പള്ളിയിലാണ് മലങ്കര സഭാ ചരിത്രത്തിലെ പ്രധാന സംഭവമായ, 1599 ജൂൺ 20 മുതൽ 26 വരെയുള്ള സുന്നഹദോസ് നടന്നത്. സുന്നഹദോസ് നടന്നതു സംബന്ധിച്ചു തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ബ്രിട്ടിഷ് റസിഡന്റ് ആയിരുന്ന ജി.ടി. മെക്കൻസി 1901ൽ സ്ഥാപിച്ച ഫലകം കണ്ടുകൊണ്ടാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം.
‘ വില്ലാർവട്ടം തോമ രാജാവ് നല്ലവഴിക്ക് പോയി’ എന്ന് രാജാവ് കാലം ചെയ്തതു സംബന്ധിച്ചുള്ള വട്ടെഴുത്ത് ഇവിടെ കാണികൾക്കായി സ്ഥാപിച്ചിട്ടുണ്ട്. 20 വട്ടെഴുത്തുള്ള കല്ലുകളാണ് ഇവിടെ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. പണ്ട് പുരോഹിതന്മാർ കുർബാന ചൊല്ലാൻ ഉപയോഗിച്ചിരുന്ന തക്സ, മെഴുകുതിരി കാലുകൾ, മണികൾ തുടങ്ങിയ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ദുഖഃവെള്ളിയാഴ്ച മാത്രം ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള മണികളും ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ചുമന്നു കൊണ്ടു പോകുന്ന, മരംകൊണ്ടുള്ള ശവമഞ്ചവും ഇവിടെ എത്തിയാൽ കാണാം. നവീകരണ സമയത്ത് 5 ശവകുടീരങ്ങൾ മദ്ബഹയിൽ തന്നെ പ്രത്യേക പേടകത്തിലാക്കി സംരക്ഷിച്ചിട്ടുണ്ട്.
സുന്നഹദോസ് പള്ളിയുടെ ചരിത്രമെഴുതിയ താളിയോലകൾ, കരിങ്കല്ലിൽ തീർത്ത മാമോദീസ തൊട്ടി, പുരാതന ശിലാലിഖിതങ്ങളുടെ ശേഖരം, ചരിത്ര രേഖകളും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. അബുദാബിയിലെ വ്യവസായിയായ ലൂയിസ് കുര്യാക്കോസ് അറയ്ക്കത്താഴമാണു മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്ന ഒട്ടേറെ പുരാവസ്തുക്കളും മ്യൂസിയത്തിനായി സമർപ്പിച്ചിട്ടുണ്ട്.