കിൻഫ്ര തടാകത്തിലേക്ക് മാലിന്യമൊഴുക്കിയ കനാൽ നഗരസഭ മൂടി

Mail This Article
കളമശേരി ∙ കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന ഗോൾഡ് സൂക് പാർക്കിൽ നിന്നു കിൻഫ്ര തടാകത്തിലേക്കു മാലിന്യം ഒഴുക്കുന്നതിനു നിർമിച്ച കനാൽ നഗരസഭ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മൂടി. ഇതിനു ചെലവായ തുക ഗോൾഡ് സൂക്കിൽ നിന്ന് ഈടാക്കുമെന്നു നഗരസഭ അറിയിച്ചു. ഗോൾഡ് സൂക് പാർക്കിൽ നിന്നു കനാൽ നിർമിച്ചിരിക്കുന്നതു കിൻഫ്ര മറ്റൊരു സ്ഥാപനത്തിനു നൽകിയ ഭൂമി കയ്യേറിയാണെന്നു കണ്ടെത്തി. 3 ഏക്കറോളം വരുന്ന തടാകത്തിന്റെ 1.20 ഏക്കർ നഗരസഭയ്ക്ക് അവകാശപ്പെട്ടതാണ്.മലിനജല സംസ്കരണമില്ലാതെ പ്രവർത്തിക്കുന്ന 3 ലോൺട്രി യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചതായി ഗോൾഡ് സൂക് അധികാരികൾ പറഞ്ഞു.
15 ദിവസത്തിനകം മലിനീകരണ നിയന്ത്രണം നടപ്പിലാക്കണം: പിസിബി
കളമശേരി ∙ കിൻഫ്രയിൽ ഗോൾഡ് സൂക് പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികൾ 15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ‍് (പിസിബി ) നിർദേശം നൽകി. ഇന്നലെ ഗോൾഡ് സൂക് പാർക്കിലെ വ്യവസായികളുടെ യോഗം പിസിബി വിളിച്ചു ചേർത്തിരുന്നു. 38 വ്യവസായികളിൽ 30 പേർ യോഗത്തിൽ പങ്കെടുത്തു.
15 ദിവസത്തിനുള്ളിൽ മലിനീകരണ നിയന്ത്രണ സംവിധാനം ഒരുക്കാത്ത കമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു പിസിബി അറിയിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്ലാ കമ്പനികളും പിസിബിയുടെ അനുമതി വാങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വ്യവസായ പാർക്കിനുള്ളിൽ തൊഴിലാളികൾക്കു വിശ്രമ കേന്ദ്രം മാത്രമേ പാടുള്ളുവെന്നും ക്വാർട്ടേഴ്സുകൾ പാടില്ലെന്നും ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റണമെന്നും പിസിബി നിർദേശം നൽകിയിട്ടുണ്ട്.