കെ. കരുണാകരൻ അന്നു പറഞ്ഞു: ഇനിയൊരു ജില്ല ഉണ്ടെങ്കിൽ അത് മൂവാറ്റുപുഴ; ആവശ്യം വീണ്ടും

Mail This Article
മൂവാറ്റുപുഴ∙ സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനു തീരുമാനിച്ചാൽ ആദ്യം മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഇനിയൊരു ജില്ല ഉണ്ടെങ്കിൽ അത് മൂവാറ്റുപുഴ ആയിരിക്കും എന്നാണു അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ 1982ൽ പത്തനംതിട്ട ജില്ല രൂപീകരണത്തിനു ശേഷം മൂവാറ്റുപുഴയിൽ എത്തിയപ്പോൾ പ്രഖ്യാപിച്ചത്. ഇതിനു ശേഷം കാസർകോട് ജില്ല വന്നു. മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നെങ്കിലും ജില്ല രൂപീകരണം സാധ്യമായില്ല. നെയ്യാറ്റിൻകര ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ചൂടുപിടിച്ചതോടെ ആണു മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം പരിഗണിക്കണമെന്ന ആവശ്യവും വീണ്ടും ഉയരുന്നത്.
ഇടുക്കിയിൽ ഉൾപ്പെട്ട ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും മൂവാറ്റുപുഴ, കോതമംഗലം, പിറവം, നിയോജക മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം എന്നായിരുന്നു ആവശ്യം. കിഴക്കൻ മേഖലയുടെ വികസനത്തിന് ഇതു പുതുജീവൻ നൽകുമെന്ന് വിലയിരുത്തലും ഉണ്ടായി. ജില്ല രൂപീകരണത്തിനായി പഠനം നടത്തിയ ഡി. ബാബുപോൾ ഉൾപ്പെടെയുള്ളവർ അനുകൂലമായി റിപ്പോർട്ടും നൽകി.
മുൻ മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചു. പുതിയ കാർഷിക ജില്ലാ രൂപീകരണം ആയിരുന്നു ലക്ഷ്യം. യുഡിഎഫ് സർക്കാർ ഇതിനായി പഠനം നടത്താൻ പ്രത്യേക സമിതി രൂപീകരിച്ചെങ്കിലും തിരൂർ ജില്ല ആവശ്യവും ഇതോടൊപ്പം ഉയർന്നതോടെ വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ജില്ലാ രൂപീകരണം മരവിപ്പിക്കുകയായിരുന്നു.
ഇതിനിടയിലാണ് നെയ്യാറ്റിൻകര ജില്ല രൂപീകരണത്തിനായി കെ. ആൻസലൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചതും മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകിയതും സർക്കാർ ഇതിനോട് അനുകൂലമായി പ്രതികരിച്ചതും. ഇതോടെ മൂവാറ്റുപുഴ ജില്ലാ രൂപീകരണം എന്ന ആവശ്യവും ശക്തമാക്കാനാണു ജില്ല രൂപീകരണ ആക്‌ഷൻ കൗൺസിലിന്റെ നീക്കം.
എന്നാൽ രാഷ്ട്രീയ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. 1984 മേയ് 24 നായിരുന്നു കാസർകോട് ജില്ലാ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു ശേഷവും മറ്റു സംസ്ഥാനങ്ങൾ കൂടുതൽ ജില്ലകൾ രൂപീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടെ മുന്നോട്ടു പോകുമ്പോൾ 40 വർഷത്തിനു ശേഷവും ഒരു ജില്ല പോലും രൂപീകരിക്കാൻ കേരളം തയാറായിട്ടില്ല.
നഗരസഭാ പ്രമേയം
∙ കിഴക്കൻ മേഖലയുടെ സമഗ്ര വികസനം ഉറപ്പു വരുത്താൻ കിഴക്കൻ മലയോര മേഖലകളെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ല അടിസ്ഥാനത്തിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭിക്കുക എന്നതിനാൽ പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ഉണർവുണ്ടാകും എന്നതാണ് നേട്ടമെന്ന് പ്രമേയം പറയുന്നു.
എറണാകുളം ജില്ലയുടെ പ്രവർത്തനങ്ങൾ കൊച്ചിയും സമീപ പ്രദേശങ്ങളും കേന്ദ്രമായാണ് നടക്കുന്നതെന്നും കിഴക്കൻ മേഖലയിലേക്ക് വേണ്ടത്ര വികസന പ്രവർത്തനങ്ങൾ എത്തുന്നില്ല എന്ന വിമർശനത്തിനും പുതിയ ജില്ല രൂപീകരണത്തിലൂടെ അറുതി വരുമെന്നും അതിനാൽ മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്നും പ്രമേയത്തിലൂടെ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ആവശ്യപ്പെട്ടു.
ജില്ല അനിവാര്യം; കോൺഗ്രസ്
∙ മൂവാറ്റുപുഴ ജില്ല രൂപീകരണം വൈകരുതെന്ന് മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയം. വളരുന്ന വ്യവസായ മണ്ഡലമായ എറണാകുളം ജില്ലയുടെ ഭാഗമായിട്ടും വികസന കാര്യങ്ങളിൽ എന്നും അവഗണനയാണ് മുവാറ്റുപുഴ ഉൾപ്പെടുന്ന കിഴക്കൻ മേഖല നേരിടുന്നതെന്ന് ബ്ലോക്ക് കമ്മിറ്റി നേതൃയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
കിഴക്കൻ മേഖലയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ജില്ല രൂപീകരിക്കുന്നത് കർഷക മേഖലയ്ക്കു കൂടി ഗുണകരമാകും. പുതിയ ജില്ല രൂപീകരിക്കാൻ സർക്കാർ തീരുമാനം എടുക്കുമ്പോൾ അതിൽ ഒന്നാമത്തെ പേര് മുവാറ്റുപുഴ എന്നതായിരിക്കണം എന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി കെ.എം സലിം, വർഗീസ് മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം പരീത്, എന്നിവർ പ്രസംഗിച്ചു.