കുപ്പിക്കഴുത്ത് പോലെ റോഡ്!; കാലാനിമറ്റം കവലയ്ക്കു സമീപം റോഡ് ചുരുങ്ങുന്നു

Mail This Article
ഇലഞ്ഞി ∙നെല്ലൂരുപാറ റോഡിൽ കാലാനിമറ്റത്ത് റോഡ് കുപ്പിക്കഴുത്തു പോലെ ചുരുങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 4 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന റോഡാണിത്. മറ്റിടങ്ങളിൽ ബിഎംബിസി ടാറിങ് പൂർത്തിയാക്കിയെങ്കിലും കാലാനിമറ്റം കവലയ്ക്കു സമീപം 80 മീറ്ററോളം യാതൊരു നിർമാണവും നടത്തിയിട്ടില്ല. മറ്റിടങ്ങളിൽ 28 അടിയോളം വീതിയുള്ള റോഡ് ഈ ഭാഗത്ത് 10 അടിയായി ചുരുങ്ങുന്നതാണ് പ്രതിസന്ധി. റോഡിൽ ടൈൽ വിരിക്കേണ്ട ഭാഗമാണിത്. 2 നാലുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ ഒരേ സമയം റോഡിന്റെ ഈ ഭാഗത്തു കൂടി കടന്നു പോകാനാവില്ല. ഈ ഭാഗത്ത് 5 സെന്റ് പിഡബ്ല്യുഡി പുറമ്പോക്ക് കയ്യേറ്റം അധികൃതർ കണ്ടെത്തി. ഈ സ്ഥലം ഏറ്റെടുത്താൽ പ്രതിസന്ധിക്ക് പരിഹാരമാകും. സ്ഥലത്ത് ഇപ്പോൾ ഒരു വീട് സ്ഥിതി ചെയ്യുന്നുണ്ട്. 7 ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന നിർദേശം പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുണ്ട്. തൊടുപുഴ– കൂത്താട്ടുകുളം റോഡിലേക്കാണ് ഇലഞ്ഞി– നെല്ലൂരുപാറ റോഡ് ചേരുന്നത്. സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണം എന്നാണ് ആവശ്യം.