ഓരോ മോഷണം കഴിയുമ്പോഴും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും: പക്ഷേ കള്ളനെ കണ്ടെത്തില്ല

Mail This Article
പിറവം∙മേഖലയിൽ അടച്ചിട്ടിരിക്കുന്ന വീട് കുത്തിത്തുറന്നുള്ള മോഷണങ്ങളുടെ അന്വേഷണത്തിൽ പുരോഗതി ഇല്ല. കഴിഞ്ഞ 2 മാസത്തിനുള്ളിൽ കുടുംബാംഗങ്ങൾ പുറത്തു പോയ സമയത്തു വീടു കുത്തിത്തുറന്നു സ്വർണവും പണവും കവർന്ന 3 കേസുകൾ ഉണ്ടായി. ഇതിനു മുൻപും ഒട്ടേറെ മോഷണങ്ങൾ നടന്നു.
ഉത്സവമോ പെരുന്നാളോ എന്തുമാകട്ടെ അടച്ചിട്ടിരിക്കുന്ന വീട് കുത്തിത്തുറന്നു മോഷണം എന്നതു മേഖലയിൽ തുടർച്ചയാണ് . ഓരോ മോഷണവും കഴിയുമ്പോൾ വിരലടയാള പരിശോധന സംഘവും പൊലീസ് നായയും എത്തും . പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന അറിയിപ്പുണ്ടാകും. വൈകാതെ അടുത്ത മോഷണം നടക്കും. പതിവു നടപടി തുടരും.
കഴിഞ്ഞ ഫെബ്രുവരി 11നു രാത്രി നെച്ചൂരിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു 30 പവൻ സ്വർണം കവർന്നു. കുടുംബാംഗങ്ങൾ പെരുന്നാളിനു പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെ സിസിടിവി ഉൾപ്പെടെയാണു മോഷണസംഘം കടത്തിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് പിന്നീടു വീടിനു സമീപത്തു നിന്നു കണ്ടെത്തിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല. വിരലടയാള സംഘം ശേഖരിച്ച തെളിവുകൾക്കും എന്തു സംഭവിച്ചു എന്നതു വ്യക്തതയില്ല. ഇൗ കേസിൽ പ്രത്യേക സംഘം രൂപീകരിച്ചതായി അറിയിപ്പുണ്ടായിരുന്നു.
കുടുംബാംഗങ്ങൾ പെരുന്നാളിനു പോയ സമയത്തു മുളക്കുളത്തു വീടു കുത്തിത്തുറന്നു പണം കവർന്നത് ജനുവരിയിലാണ്. കഴിഞ്ഞ മാസം കളമ്പൂക്കാവ് ഉത്സവത്തിനിടെ വീടു കുത്തിത്തുറന്നു സ്വർണം കവർന്നു.ക്ഷേത്രത്തിൽ പൊലീസ് സംഘം ഉള്ളപ്പോഴായിരുന്നു 100 മീറ്റർ മാത്രം അകലെ മേൽക്കൂരയിലെ ഓടു മാറ്റി മോഷ്ടാക്കൾ ഉള്ളിലെത്തി കവർച്ച നടത്തി മടങ്ങിയത്.
ക്ഷേത്ര പരിസരത്തു സിസിടിവിയിൽ സംശയകരമായ ചിലരുടെ ദൃശ്യങ്ങൾ ഉണ്ടെന്നു പറയപ്പെട്ടിരുന്നുവെങ്കിലും ഇൗ കേസും തണുത്തുറഞ്ഞ നിലയിലായാണ്. പിറവം ടൗൺ, ഓണക്കൂർ, അഞ്ചൽപ്പെട്ടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടന്നതും മാസങ്ങൾക്കു മുൻപാണ്.