മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

Mail This Article
അരൂർ∙ രണ്ടിടങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം കത്തിയ നിലയിൽ. അരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 21–ാം വാർഡിൽ റെയിൽവേ ഓവർ ബ്രിജിനു സമീപം കണ്ടെത്തിയ മാലിന്യമാണ് ഇന്നലെ രാവിലെ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മാലിന്യം കത്തിച്ചതാകാനാണു സാധ്യതയെന്ന് സംശയമുണ്ട്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിയതോടെ അസഹ്യമായ പുക ഉയർന്നു. ബാർബർ ഷോപ്പിൽ നിന്നു ചാക്കുകളിലാക്കി തള്ളിയ മുടി കത്തിയതോടെ ദുർഗന്ധവുമുണ്ട്. പ്രദേശവാസികൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.
ഇന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നീക്കാനിരിക്കെയാണ് മാലിന്യം കത്തിയത്. കത്തിയ മാലിന്യ കൂമ്പാരത്തിൽനിന്ന് 8 സ്ഥാപനങ്ങളുടെ വിവരങ്ങൾ പഞ്ചായത്തും ആരോഗ്യവകുപ്പും ശേഖരിച്ചിരുന്നു. ഇവർക്കെതിരെ പിഴയീടാക്കൽ അടക്കമുള്ള നടപടി എടുക്കാനിരിക്കെയാണ് മാലിന്യം കത്തിയമർന്നത്. ഇന്നലെ ഉച്ചയോടെ പഞ്ചായത്തിലെ ചവറുകൾ കത്തിക്കുന്നതിനിടെയായിരുന്നു രണ്ടാമത്തെ സംഭവം. പഞ്ചായത്തിനോട് ചേർന്നു കൂട്ടിയിട്ടിരുന്ന കരിയില കത്തിച്ചപ്പോൾ സമീപത്തുള്ള മാവിലേക്കും മാലിന്യം ശേഖരിച്ചിരിക്കുന്ന ഷെഡിലേക്കു തീ പടർന്നു. അരൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.