കുണ്ടള സാൻഡോസ് ഗോത്രവർഗ കോളനിക്കാർക്ക് ഇനി വെള്ളം ഇഷ്ടംപോലെ
Mail This Article
മൂന്നാർ∙ ദേവികുളം പഞ്ചായത്തിലെ കുണ്ടള സാൻഡോസ് ഗോത്രവർഗ കോളനിക്കാരുടെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കോളനിയിലെ 101 കുടുംബങ്ങളിലാണ് സംഭരണികൾ സ്ഥാപിച്ച് പഞ്ചായത്ത് നേരിട്ടു ശുദ്ധജലമെത്തിക്കുന്നത്. കോളനിയിൽനിന്നു 4 കിലോമീറ്റർ ദൂരത്തുള്ള നെടുങ്ങാടുള്ള തടയണയിൽനിന്നു പൈപ്പുകളിട്ട് ഓരോ വീട്ടിലും സ്ഥാപിക്കുന്ന സംഭരണിയിൽ ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. വന്യമൃഗങ്ങൾ ചവിട്ടിനശിപ്പിക്കാത്ത വിധത്തിലുള്ള ഗുണമേന്മയുള്ള പൈപ്പുകൾ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചാണ് ജലമെത്തിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 4.66 ലക്ഷം രൂപ ചെലവിട്ടാണ് 500 ലീറ്റർ ശേഷിയുള്ള സംഭരണികൾ വാങ്ങുന്നത്. കൂടാതെ 6 ലക്ഷം രൂപ ചെലവിട്ട് എല്ലാ വീടുകളിലും പ്ലമിങ് പണികളും നടത്തും.
ആദ്യ ഘട്ടമായി 54 കുടുംബങ്ങൾക്ക് സംഭരണികൾ ഇന്നലെ വിതരണം ചെയ്തു. ബാക്കിയുള്ള 47 കുടുംബങ്ങൾക്ക് സംഭരണികൾ ഉടൻ വിതരണം ചെയ്യുമെന്ന് വാർഡംഗം കവിത കുമാർ പറഞ്ഞു. സാൻഡോസ് എസ്ടി കോളനിയിൽ വിവിധ വകുപ്പുകൾ ലക്ഷങ്ങളുടെ ശുദ്ധജല വിതരണ പദ്ധതികൾ മുൻകാലങ്ങളിൽ നടപ്പാക്കിയിരുന്നു. എന്നാൽ വന്യമൃഗശല്യംമൂലം ഇവയെല്ലാം നശിച്ചുപോയിരുന്നു. ശുദ്ധജല വിതരണം ഇല്ലാതായതിനെ തുടർന്ന് വർഷങ്ങളായി കോളനി നിവാസികൾ രണ്ടര കിലോമീറ്റർ ദൂരത്തുള്ള കുണ്ടള ഡാമിൽ എത്തിയായിരുന്നു വീട്ടാവശ്യങ്ങൾക്കുള്ള ശുദ്ധജലം തലച്ചുമടായി എത്തിച്ചിരുന്നത്.