ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ലൈഫ് ഭവന പദ്ധതി?

Mail This Article
ഉപ്പുതറ ∙ മൺ ഇഷ്ടികകൊണ്ട് നിർമിച്ച വീട്. പടുതയും ഷീറ്റും ഉപയോഗിച്ച് നിർമിച്ച മേൽക്കൂര. മാതാപിതാക്കളും സഹോദരനും മരിച്ചതോടെ അവിവാഹിതരായ 2 സ്ത്രീകൾ മാത്രം താമസിക്കുന്ന 10 സെന്റ് സ്ഥലത്തെ വീടിന്റെ സ്ഥിതിയാണിത്. ലൈഫ് ഭവന പദ്ധതിയിൽ അനർഹർ പണം കൈപ്പറ്റിയപ്പോൾ പിന്തള്ളപ്പെട്ട ഉപ്പുതറ പഞ്ചായത്തിലെ പല പാവപ്പെട്ടവരുടെയും അവസ്ഥയാണിത്.
ഒൻപതേക്കർ പറപ്പള്ളിൽ ഓമനയും സഹോദരി സുധയും വർഷങ്ങളായി അപകടാവസ്ഥയിലുള്ള ഈ വീട്ടിലാണ് കഴിയുന്നത്. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാനായി പലതവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിട്ടില്ല. അതിനിടെയാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം 27 പേർ അനർഹമായി ലൈഫ് പദ്ധതിപ്രകാരം വീടിനുള്ള തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടും പണം തിരികെ ഈടാക്കുന്നില്ലെന്ന വിവരം പുറത്തുവരുന്നത്.
ലൈഫ് പദ്ധതിയിൽ ഉപ്പുതറ പഞ്ചായത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതിനെക്കാൾ അധികം ആളുകൾ അനർഹമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. അതിനാൽ ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമടക്കം ഉപയോഗപ്പെടുത്തി പണം കൈപ്പറ്റിയവരിൽനിന്ന് ഇത് തിരികെ ഈടാക്കുന്നതിനൊപ്പം മറ്റു നടപടികളും കൈക്കൊള്ളണമെന്നുമാണ് ആവശ്യം.