നത്തുകല്ല്-അടിമാലി റോഡ്: ഫണ്ട് അനുവദിച്ചിട്ട് 8 വർഷം; കണ്ട ഭാവമില്ലാതെ സർക്കാർ

Mail This Article
മേലേചിന്നാർ ∙ എട്ടുവർഷം മുൻപ് ബജറ്റിൽ 85.65 കോടി രൂപ അനുവദിച്ചിട്ടും നത്തുകല്ല്-അടിമാലി റോഡ് യാഥാർഥ്യമാക്കാത്തതിനെതിരെ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരത്തിലേക്ക്. ആറുപതിറ്റാണ്ട് മുൻപ് ജനകീയമായി നിർമിച്ച റോഡാണ് ഈട്ടിത്തോപ്പ്, മേലേചിന്നാർ, പെരിഞ്ചാംകുട്ടി നിവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത്. പെരിഞ്ചാംകുട്ടി, മേലേചിന്നാർ പ്രദേശങ്ങളിലുള്ള സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമായ ഈ റോഡ് പതിറ്റാണ്ടുകളായി കുണ്ടുംകുഴിയുമായി കിടക്കുകയാണ്. വെട്ടിക്കാമറ്റം മുതൽ പെരിഞ്ചാംകുട്ടി വരെയുള്ള ഭാഗമാണ് കൂടുതലായി തകർന്നു കിടക്കുന്നത്. ആയിരത്തിലധികം വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന ഈ പാതയിൽ അപകടങ്ങളും തുടർക്കഥയാണ്.
അടിമാലിയെയും കട്ടപ്പനയെയും തേക്കടി, മൂന്നാർ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന പാതയാണിത്. തൂവൽ വെള്ളച്ചാട്ടം, പെരിഞ്ചാംകുട്ടി ബാംപു പ്ലാന്റേഷൻ, കാറ്റാടിപ്പാറ വ്യൂ പോയിന്റ്, പൊൻമുടി അണക്കെട്ട് തുടങ്ങിയ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പാതയോടടുത്താണ് സ്ഥിതി ചെയ്യുന്നത്.ഭരണാനുമതി ലഭ്യമാക്കി കിഫ്ബി നിർമിക്കുമെന്ന് 2017ൽ സർക്കാർ പ്രഖ്യാപനം ഉണ്ടായതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ആവശ്യത്തിന് സ്ഥലമെടുപ്പ് നടത്താതെയും വീതി കൂട്ടാതെയും അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതേതുടർന്നാണ് റോഡിന്റെ വികസനം ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരം ആരംഭിക്കാൻ തീരുമാനിച്ചത്. മേലേചിന്നാറിൽ ചേർന്ന ആലോചനാ യോഗത്തിൽ 75 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ബഥേൽ വികാരി ഫാ.സഖറിയാസ് കുമ്മണ്ണൂപറമ്പിൽ, എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് സജി പേഴത്തുവയലിൽ, ഈട്ടിത്തോപ്പ് പള്ളി വികാരി ഫാ.ലിബിൻ മനക്കലേടത്ത്, എസ്എൻഡിപി യോഗം ഈട്ടിത്തോപ്പ് ശാഖാ പ്രസിഡന്റ് രാഹുൽ കിളികൊത്തിപ്പാറ എന്നിവരെ തിരഞ്ഞെടുത്തു.
പിന്നോട്ടു നടപ്പ് സമരം ഇന്ന്
മേലേചിന്നാർ ∙ ഭരണാനുമതി ലഭിച്ച് എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും നത്തുകല്ല് -അടിമാലി റോഡ് യാഥാർഥ്യമാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് പിന്നോട്ടു നടപ്പു സമരം നടത്തും. മേലേചിന്നാർ അമ്പലപ്പാറ മുതൽ ബഥേൽ വരെ രണ്ടു കിലോമീറ്റർ ദൂരമാണു പിന്നോട്ടു നടക്കുന്നത്. നൂറോളം പേർ പങ്കെടുക്കും.