ADVERTISEMENT

കോതമംഗലം ∙ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണു കോതമംഗലത്തുനിന്നു മൂന്നാറിലേക്കുള്ള പഴയ പാതയുടെ ചരിത്രം. മലയിടിച്ചിലിലും പ്രളയത്തിലും ഒരു നൂറ്റാണ്ടു മുൻപ് അടഞ്ഞുപോയ റോഡ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായിരിക്കെ, പഴയ രാജപാതയുടെ ചരിത്രം പഴമക്കാരുടെ മനസ്സിലുണ്ട്. വാഹന ഗതാഗതത്തിനു പറ്റുന്ന റോഡ് ഇല്ലായിരുന്നെങ്കിലും 1990 വരെ ഇൗ വഴി ഭാഗികമായെങ്കിലും ഉപയോഗിച്ചിരുന്നു. വനത്തിൽ നിന്ന് ഇൗറ്റ വെട്ടി പുറത്തേക്കു കടത്താനായിരുന്നു അത്. പഴയ രാജപാതയുടെ ഭാഗമായി നിർമിച്ച പാലങ്ങൾ ഇപ്പോഴും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു.

നടപ്പാതയായി തുടക്കം
ബിസി 300നും 250നും ഇടയിലാണ് ഇതുവഴി ഒരു പാത്ത്–വേ (നടപ്പാത) വ്യാപാര ആവശ്യങ്ങൾക്കായി ഉണ്ടാകുന്നത്. മധുരയെയും മുസിരിസിനെയും (ഇന്നത്തെ കൊടുങ്ങല്ലൂർ) ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴിയിലേക്കുള്ളതായിരുന്നു ഇത്. കൊച്ചിയിൽ അഴിമുഖം രൂപപ്പെട്ട 1341ലെ വെള്ളപ്പൊക്കം മുസിരിസ് തുറമുഖത്തിന്റെ അന്ത്യം കുറിച്ചതോടെ വ്യാപാര ഇടനാഴിയും വിസ്മൃതമായി. ഇൗ നടവഴി പുനരുദ്ധരിക്കാൻ 1891ൽ തീരുമാനിച്ചു. സുഗന്ധദ്രവ്യങ്ങളുടെ ചരക്ക് നീക്കത്തിനായി കാളവണ്ടി ഓടാനുള്ള വീതിയോടെയാണ് ആലുവ, കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേട്, കുറത്തിക്കുടി, പെരുമ്പൻകുത്ത്, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കു രാജപാത പുനർനിർമിച്ചത്. ചരക്കു ഗതാഗതം കൂടുതലും മധുര വഴിയായിരുന്നെങ്കിലും മധ്യ തിരുവിതാംകൂറുമായുള്ള വ്യാപാര ബന്ധം നിലനിന്നിരുന്നത് ഈ രാജപാത വഴിയായിരുന്നു. പെരിയാറിനു സമാന്തരമായി കയറ്റം ഇല്ലാതെയാണു റോഡിന്റെ അലൈൻമെന്റ്.

99ലെ പ്രളയത്തിൽ തകർച്ച
99 ലെ വെള്ളപ്പൊക്കം എന്നു പഴമക്കാർ പറയുന്ന, 1924ലെ മഹാപ്രളയത്തിൽ മൂന്നാർ തകർന്നു തരിപ്പണമായി. മൂന്നാർ രാജപാത കടന്നുപോയിരുന്ന പെരുമ്പൻകുത്ത് കരിന്തിരി മല ഇടിഞ്ഞുവീണ് റോഡും ഇല്ലാതായി. ഇതോടെ മൂന്നാറിലേക്ക് പുതിയ വഴി കണ്ടെത്താൻ ശ്രമം തുടങ്ങി. 1931ൽ നേര്യമംഗലം വഴിയുള്ള മൂന്നാർ റോഡ് നിർമിക്കാൻ റാണി സേതു ലക്ഷ്മി ഭായി അനുമതി നൽകി. 1936ൽ നേര്യമംഗലം പാലം വഴി പുതിയ റോഡ് വന്നതോടെ പഴയ മൂന്നാർ റോഡ് അപ്രസക്തമാകുകയും ചെയ്തു.

കെട്ടിയടച്ച് വനപാത
പൂയംകുട്ടിയിൽനിന്ന് 27 കിലോമീറ്റർ മാത്രമാണു പഴയ രാജപാത വനത്തിലൂടെ‌ കടന്നുപോകുന്നത്. ബാക്കി ജനവാസ മേഖലയും റവന്യു ഭൂമിയുമാണ്. കോതമംഗലം മുതൽ പെരുമ്പൻകുത്ത് വരെയുള്ള രാജപാത പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടതും റവന്യു രേഖകളിൽ കൃത്യമായി അതിർത്തി നിശ്ചയിച്ച്, അതിരടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമാണ്. പല അതിർത്തിക്കല്ലുകളും മൈൽകുറ്റികളും പിന്നീടു മാറ്റപ്പെട്ടു. 1990കൾ വരെ ഈറ്റ വെട്ടി ഇറക്കിയിരുന്നത് പിണ്ടിമേട് മുതൽ പൂയംകുട്ടി വരെയുള്ള രാജപാതയിലൂടെയാണ്. എന്നാൽ, 90കളിൽ വനംവകുപ്പ് പൂയംകുട്ടിയിൽ ജനവാസമേഖല അവസാനിക്കുന്ന സിമന്റ് പാലത്ത് ക്രോസ്ബാർ സ്ഥാപിച്ചു ഗതാഗതം നിരോധിച്ചു. 2010ൽ പൂർണമായി അടച്ചുകെട്ടി വനംവകുപ്പിന്റെ സ്വന്തമാക്കി.

പഴയ രാജപാത തുറന്നു നൽകേണ്ടതു കേരളത്തിന്റെ സാമ്പത്തിക- ടൂറിസം ഭൂപടത്തിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നാണു 2021 ഓഗസ്റ്റ് 13നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഈ പാത തുറന്നുകിട്ടാനുള്ള പരിശ്രമങ്ങൾക്ക് ഇന്നും വനം വകുപ്പ് വിലങ്ങുതടിയാണ്.

English Summary:

The Munnar Rajapath, a historical road connecting Kothamangalam and Munnar, remains a significant part of Kerala's history, despite being closed for decades. The bridges built during its construction are still standing, showcasing the road’s enduring strength and historical importance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com