ഓണത്താളത്തിൽ നാട്

Mail This Article
കണ്ണൂർ ∙ വൈവിധ്യമാർന്ന പായസങ്ങളുമായി കെടിഡിസിയുടെ മേളയ്ക്കു തുടക്കം. ഈ ഓണം കെടിഡിസിക്കൊപ്പം എന്ന പേരിൽ നടക്കുന്ന പായസമേള രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, കെടിഡിസി ഡയറക്ടർ യു.ബാബു ഗോപിനാഥ്, റീജനൽ മാനേജർ സുജിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

താവക്കരയിലെ ലൂംലാൻഡ് ഹോട്ടലിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനു സമീപവും പായസ കൗണ്ടറുകളുണ്ട്. ലീറ്ററിന് 300 രൂപയും അര ലീറ്ററിന് 160 രൂപയുമാണ് വില. ഒരു കപ്പ് പായസം 40 രൂപയ്ക്കും ലഭിക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പായസമേളയെന്ന് ലൂംലാൻഡ് മാനേജർ സുർജിത് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അട പ്രഥമൻ, പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, പഴം പ്രഥമൻ, പഞ്ചസാര പായസം എന്നീ പായസങ്ങൾ മേളയിൽ ലഭിക്കും. ഇതിനു പുറമേ ലൂം ലാൻഡ് സ്പെഷൽ കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് പായസങ്ങളും വിവിധ ദിവസങ്ങളിൽ ലഭിക്കും. ഓരോ മൂന്നു ലീറ്റർ പായസത്തോടൊപ്പം സമ്മാനക്കൂപ്പണും ലഭിക്കും. നറുക്കെടുപ്പിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം അലമാര, ഗ്യാസ് സ്റ്റൗ, സ്മാർട് ഫോൺ എന്നിങ്ങനെ സമ്മാനം ലഭിക്കും.
ഉത്രാടത്തിനും തിരുവോണത്തിനും 24 വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 300 രൂപയാണ് വില. സദ്യ ആവശ്യമുള്ളവർ മുൻകൂറായി ബുക്ക് ചെയ്യണം. 350 രൂപ നിരക്കിൽ പാർസലായും ഈ ദിവസങ്ങളിൽ ഓണസദ്യ ലഭിക്കും. ബുക്കിങ്ങിന്: 0497 2700717, 0497 2960100, 9400008681.