ജോലിക്കിടെ തളർന്നുവീണ സർക്കാർ ഉദ്യോഗസ്ഥന് 7 വർഷമായി ശമ്പളമില്ല

Mail This Article
പയ്യന്നൂർ ∙ ഡ്യൂട്ടിക്കിടെ ഓഫിസിൽ തളർന്നുവീണ് കിടപ്പിലായ ഭിന്നശേഷിക്കാരന് 7 വർഷമായി ശമ്പളമോ ആനുകുല്യമോ ലഭിക്കുന്നില്ല. പയ്യന്നൂർ താലൂക്കിലെ ലാൻഡ് ട്രൈബ്യൂണൽ ഓഫിസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന എടാട്ടെ ഇ.വിനോദ്കുമാറിനാണ് ഈ ദുർഗതി. സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇപ്പോൾ കൈകാലുകൾ ചലിക്കുന്നുണ്ട്. സംസാരശേഷിയും തിരിച്ചുകിട്ടി. വലിയൊരു തുക ചികിത്സയ്ക്കു ചെലവായി. 2019 ജൂലൈ മുതൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭിച്ചില്ല. പരാതിയുമായി ബന്ധുക്കൾ കലക്ടറേറ്റിൽ കയറിയിറങ്ങുന്നു. 2016ലെ ഡിസബിലിറ്റി ആക്ട് സെക്‌ഷൻ 20 (4) പ്രകാരം ശമ്പളം അനുവദിക്കാൻ റവന്യു വകുപ്പ് ഉത്തരവ് നൽകിയെങ്കിലും സബ് ട്രഷറിയിൽനിന്ന് ശമ്പളം നൽകുന്നില്ല. ബന്ധപ്പെട്ട റൂളും ഫിനാൻസ് ഉത്തരവും ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാനാകൂ എന്ന മറുപടിയാണ് ട്രഷറി അധികൃതർ നൽകുന്നത്.