കണ്ണൂർ ഇനി ശുചിത്വത്തിന്റെ പച്ചപ്പിൽ

Mail This Article
കണ്ണൂർ ∙ പച്ചപ്പിന്റെ മേൽവിലാസമാണ് കണ്ണൂരിന് ഇനി. ഹരിതവീടുകൾ, ഹരിതഹരിതനഗരം, ഹരിത വിദ്യാലയം, ഹരിത ഇടങ്ങൾ, ഹരിത ഓഫിസുകൾ എന്നിങ്ങനെ കൊടുംവേനലിലും പച്ചയണിയുകയാണ്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്നിന്റെ ലക്ഷ്യത്തിലേക്കെത്തുകയാണ് ജില്ല. ഏപ്രിൽ 3ന് ബ്ലോക്ക് തല പ്രഖ്യാപനവും 5ന് ജില്ലാ പ്രഖ്യാപനവും നടത്തും.
ഒക്ടോബർ 2ന് ആണ് മാലിന്യമുക്ത നവകേരളം പ്രവർത്തനം തുടങ്ങുന്നത്. ഹരിത കേരളം മിഷനും ശുചിത്വ മിഷനും ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ആറുമാസത്തെ പ്രവർത്തനം കൊണ്ടാണ് കണ്ണൂർ മാലിന്യമുക്ത ജില്ലയാകുന്നത്. കണ്ണൂരിലെ എല്ലാ ചെറുപട്ടണങ്ങളിലും മാലിന്യം വലിച്ചെറിയലിന് 90 % അറുതി വരുത്താൻ സാധിച്ചുവെന്ന് ഹരിതകേരളം മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പറഞ്ഞു. ഇരിട്ടി നഗരത്തിലെല്ലാം പൂച്ചെടികൾ വച്ചാണ് മോടി പിടിപിടിപ്പിച്ചിരിക്കുന്നത്.

കൂത്തുപറമ്പ് മൂന്നുപെരിയയിൽ കച്ചവടക്കാർ, ഡ്രൈവർമാർ എന്നിവരെല്ലാം ചേർന്ന സമിതിയാണ് ശുചിത്വത്തിനു നേതൃത്വം നൽകുന്നത്. 369 പട്ടണങ്ങളിൽ 343 എണ്ണവും ഹരിതപട്ടണങ്ങളായി. മാലിന്യശേഖരണത്തിനും സംസ്കരണത്തിനും സുസ്ഥിര സംവിധാനം ഒരുക്കി വലിച്ചെറിയുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വിജയം കൈവരിച്ച പട്ടണങ്ങളയാണ് ഹരിതപട്ടണങ്ങളായി പ്രഖ്യാപിക്കുന്നത്.
ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്, മൈതാനം പോലെയുള്ള പൊതുജനം കൂടുന്ന ഇടങ്ങളിൽ 268 എണ്ണം ഹരിതഇടങ്ങളായി. ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ നേട്ടവും കൈവരിച്ചത്. 3168 സ്ഥാപനങ്ങളിൽ 3037 സ്ഥാപനങ്ങളും ഹരിതസ്ഥാപനങ്ങളായി. ടൂറിസം കേന്ദ്രങ്ങളിൽ 75 ശതമാനവും ഹരിതമായിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളെ വൃത്തിയാക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പയ്യാമ്പലത്തു നടന്ന ശുചീകരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ കുടുംബസമേതം പങ്കെടുത്തിരുന്നു.
1474 വിദ്യാലയങ്ങളും ഹരിതപദവി നേടി. കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ 63 കോളജുകളും ഹരിത കലാലയമാകാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ജില്ലാ കലക്ടറേറ്റും സിവിൽസ്റ്റേഷനും ഹരിത സ്ഥാപനമായി കഴിഞ്ഞ ദിവസം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചിരുന്നു. എല്ലാ വകുപ്പുകളും ക്യാംപെയ്നിൽ നിർബന്ധമായും പങ്കെടുക്കണമായിരുന്നു.
കണ്ടുപഠിക്കാൻ പാട്യം വില്ലേജ് ഓഫിസിന്റെ ഹരിതമാതൃക
പാട്യം∙ മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലത്തെ എങ്ങനെ സൗന്ദര്യവൽകരിക്കാമെന്നതിന്റെ തെളിവാണ് പാട്യം വില്ലേജ് ഓഫിസിന് സമീപത്തെ സീറോ പാർക്ക്. പഴശ്ശി ഇറിഗേഷന് കീഴിൽ, കാടുപിടിച്ച് മാലിന്യം വലിച്ചെറിയുന്നകേന്ദ്രമായിരുന്ന 5 സെന്റാണ് ഇപ്പോൾ കണ്ടാൽ തിരിച്ചറിയാത്തവിധം മാറിയിരിക്കുന്നത്. പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ശിൽപി വത്സൻ കൂർമ കൊല്ലേരിയാണ് പാർക്കിനെ സുന്ദരമാക്കിയത്. തണലോരത്ത് വിശ്രമിക്കാനും കുട്ടികൾക്കു കളിക്കാനുമുള്ള സൗകര്യമുണ്ട്.
കെ.പി.മോഹനൻ എംഎൽഎ പാർക്ക് നാടിനായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ അധ്യഷത വഹിച്ചു. വൽസൻ കൂർമ കൊല്ലേരി മുഖ്യാതിഥിയായിരുന്നു. കെ.പി.പ്രദീപ് കുമാർ, ടി.സുജാത, മുഹമ്മദ് ഫായിസ് അരൂൾ, ബാലൻ വയലേരി, എം.കെ.സുരേഷ് കുമാർ, സുജിത്ത് കുമാർ പയ്യമ്പള്ളി, എൻ.ഉഷ എന്നിവർ പ്രസംഗിച്ചു.