നഗരമധ്യത്തിൽ കൊമ്പുകോർത്ത് കൂറ്റൻ കാളകൾ; ബൈക്കുകൾ ഉപേക്ഷിച്ച് യാത്രക്കാർ ഓടി

Mail This Article
ബദിയടുക്ക (കാസർകോട്) ∙ ഗതാഗത തടസ്സമുണ്ടാക്കി ബദിയടുക്ക ടൗണിൽ കാളപ്പോര്. ഇന്നലെ ഉച്ചയ്ക്കാണ് 2 കാളകൾ ബദിയടുക്ക ടൗണിൽ പോര് തുടങ്ങിയത്. ടൗണിലെ പ്രധാന ജംക്ഷനിലാണ് 12 മണിയോടെ പോര് ആരംഭിച്ചത്. ടൗണിലും നാട്ടിൻപുറത്തും റോഡിൽ കറങ്ങി നടക്കുന്ന കന്നുകാലികളെ കണ്ടിരുന്ന സാധാരണകാഴ്ചയാണെന്നു കരുതി മാറി നടന്നവരെല്ലാം പോര് കണ്ട് തിരിച്ചെത്തി കൊമ്പുകോർത്ത കൂറ്റൻ കാളകളുടെ മൽസരം കണ്ടു നിന്നു. കാളകൾ മൈതാനമായി റോഡിനെ തിരഞ്ഞെടുത്തോതോടെ കണ്ടു നിന്നവർ മൊബൈൽ കയ്യിലെടുത്തു. ചുറ്റിലും ആൾക്കാർ കൂടിയതോടെ മൽസരം സമൂഹ മാധ്യമങ്ങളിൽ ലൈവായി. ചില്ര ഇതിനോടെപ്പം ദൃക്സാക്ഷി വിവരണവും നൽകി.
ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള തിരക്കേറിയ റോഡിലാണ് സംഭവം. വാഹനങ്ങളെ കാണുമ്പോൾ നടന്നു നീങ്ങി പോകുമെന്നു കരുതി ഇതു വഴി വാഹനം ഓടിച്ചു വന്നവർ മുമ്പിൽ മറ്റൊന്നും കാണാതെ കൊമ്പ് കോർത്ത് ശ്രദ്ധ തിരിക്കാതെ തെന്നിതെന്നി വരുന്ന കാളകളെ കണ്ടു പേടിച്ചു വാഹനം നിർത്തി. ഇരു ചക്രവാഹനങ്ങളിലെത്തിയവർ ഉപേക്ഷിച്ചു ഓടി. കടകളുടെ ഭാഗത്തേക്ക് കയറാൻ തുടങ്ങിയതോടെ വെള്ളം ചീറ്റിയും വടികൊണ്ടടിച്ചും പിന്തിരിപ്പിക്കാൻ നോക്കി. ഒരു രക്ഷയുമില്ലാത്തതിനാൽ നടന്നില്ല.
സ്വകാര്യ വാഹനങ്ങളിലെത്തിയവരും ടൗണിലെത്തിയവരും കാഴ്ച കണ്ട് ഹരം കയറി ചുറ്റിലും കൂടിയതോടെ നിശ്ചയിച്ചുറപ്പിച്ച മൽസരം കാണുന്ന പ്രതീതിയാണ് ടൗണിലുണ്ടാക്കിത്. കാളകൾ തെന്നിതെന്നി പുത്തൂർ റോഡിലേക്ക് കയറിയതോടെ ആൾകൂട്ടം പിന്നാലെ കൂടി. മണിക്കൂറുകൾക്ക് ശേഷം കാളകൾ സ്വയം പിരിഞ്ഞു പോയതോടെ ആളുകളും പിൻമാറി.