ഏണിയർപ്പിൽ ലൈഫ് പദ്ധതി; അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: സിപിഎം

Mail This Article
നീർച്ചാൽ ∙ ബദിയടുക്ക പഞ്ചായത്തിലെ ഏണിയർപ്പിൽ ലൈഫ് പദ്ധതിയിൽ വീടു ലഭിച്ച സ്ഥലത്ത് പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി തദ്ദേശവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സർക്കാർ സ്ഥലവും, വീടും നൽകിയ 48 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ശുദ്ധജലം,റോഡ്, ഉൾപ്പെയുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റുവികസന പ്രവർത്തനങ്ങളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.3 സെന്റ് വീതം 14 ഏക്കർ സ്ഥലത്ത് 321 പേർക്കാണ് പട്ടയം നൽകിയതെന്നാണ് വിവരം. നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ 82 വീടുകളിൽ 48 വീടുകളിലാണ് താമസമുള്ളത്.
സ്ഥലമൊഴിഞ്ഞ് കിടക്കുന്നതിനെക്കുറിച്ചു അന്വേഷണം നടത്തി അർഹതപ്പെട്ടവർക്കു വീട് ലഭിക്കാനുള്ള നടപടിയെടുക്കണം. വില്ലയിൽ 252 പേരാണ് താമസിക്കുന്നത്. ഇതിൽ കൂടുതൽ സ്ത്രീകളും കുട്ടികളാണ്. ഇവിടെ ചുറ്റുമതിൽ പണിയണം, ട്രാൻസ്ഫോമർ വേണം, ഹൈമാസ്റ്റ് ലൈറ്റ്, കുട്ടികൾക്കായുള്ള മിനിസ്റ്റേഡിയം, അങ്കണവാടി, ഗ്രന്ഥാലയം തുടങ്ങിയവയ്ക്കാവശ്യമായ പാക്കേജ് ആവശ്യപ്പെട്ടാണ് നീർച്ചാൽ ലോക്കൽ സെക്രട്ടറി സുബൈർ ബാപ്പാലിപ്പൊനം മന്ത്രി എം.ബി.രാജേഷിന് നിവേദനം നൽകിയത്.