തോട്ടം-അഴിത്തല റോഡ് തുക പാസായിട്ടും നവീകരണം വൈകുന്നു

Mail This Article
നീലേശ്വരം ∙ തോട്ടം-അഴിത്തല റോഡ് നവീകരണം തുക പാസായിട്ടും പ്രവൃത്തി തുടങ്ങാനാവുന്നില്ല; നാട്ടുകാർ ദുരിതത്തിൽ.6.75 കി.മീ നീളത്തിൽ നഗരസഭയിലെ പ്രധാന റോഡായ തോട്ടം ജംക്ഷൻ-അഴിത്തല റോഡിന്റെ വീതി കൂട്ടലും കൾവർട്ടുകളുടെ പുതുക്കിപ്പണിയലുമൊക്കെ അവസാനമായി നടന്നത് 2016ലാണ്. തുറമുഖ ആസ്തി റജിസ്റ്ററിലേക്ക് റോഡിനെ ഉൾപ്പെടുത്തി തുറമുഖ എൻജിനീയറിംഗ് വിഭാഗമാണ് അന്ന് റോഡ് നിർമാണം പൂർത്തീകരിച്ചത്. റോഡ് ഇപ്പോൾ തകർന്ന അവസ്ഥയിലായതിനാൽ പുതുക്കി പണിയാൻ കഴിഞ്ഞ ബജറ്റിൽ 3 കോടി രൂപ തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റിൽ തുക പാസായിരിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പിനാണ്. അത് തുറമുഖ എൻജിനീയറിങ് വകുപ്പിന് കൈമാറാത്തതിന്റെ സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി റോഡ് നിർമാണം തുടങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രാദുരിതത്തിന് ഉടൻ പരിഹാരം വേണമെന്നും സാങ്കേതിക പ്രശ്നം തീർത്ത് പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.