ചരക്കുകപ്പൽ റാഞ്ചിയ സംഭവം: ഇന്ത്യക്കാരടക്കം 10 ജീവനക്കാർ അജ്ഞാതകേന്ദ്രത്തിൽ
Mail This Article
കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേരും അജ്ഞാതകേന്ദ്രത്തിൽ. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് നിലവിലെ വിവരം.ബേക്കൽ പനയാൽ കോട്ടപ്പാറയിൽ താമസിക്കുന്ന കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35), തമിഴ്നാട് സ്വദേശികളായ പ്രദീപ് മുരുകൻ, സതീഷ് കുമാർ സെൽവരാജ്, ബിഹാർ സ്വദേശി സന്ദീപ്കുമാർ സിങ്, ലക്ഷദ്വീപ് സ്വദേശി ആസിഫ് അലി, മഹാരാഷ്ട്ര സ്വദേശികളായ സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ എന്നിവരെയും 3 റുമാനിയ സ്വദേശികളെയുമാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്.
മുംബൈ ആസ്ഥാനമായ മാരിടെക് ടാങ്കർ മാനേജ്മെന്റ് കമ്പനിയുടെ ചരക്കാണു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിനെയും മറ്റു ജീവനക്കാരെയും കുറിച്ച് കൃത്യമായ വിവരങ്ങളില്ല.കമ്പനിയുമായി ബന്ധപ്പെടുമ്പോൾ ‘അറിയിക്കാം’ എന്ന മറുപടി മാത്രമാണു ലഭിക്കുന്നതെന്ന് രജീന്ദ്രന്റെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ ഇതുവരെ ഇന്ത്യൻ നാവികസേനയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. രജീന്ദ്രൻ കഴിഞ്ഞ സെപ്റ്റംബറിലാണ് കപ്പലിൽ ചീഫ് കുക്കായി ജോലിക്കു കയറിയത്. വൈകാതെ കരാർ അവസാനിച്ച് നാട്ടിലെത്താനിരുന്നതാണ്.
കപ്പൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് മർച്ചന്റ് നേവി ക്ലബ്
പാലക്കുന്ന് ∙ കടൽകൊള്ളക്കാരുടെ ഭീഷണിയുള്ള കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ കപ്പലിൽ ഒരുക്കിയില്ലെന്ന് വേണം ഈ സംഭവവുമായി കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നതെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ആഫ്രിക്കയുടെ പശ്ചിമ തീരം, സൊമാലിയ, മലാക്ക സ്ട്രൈറ്റ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കപ്പലിന്റെ അപ്പർ ഡെക്കിൽ മുള്ളു വേലി കെട്ടുക, അതീവ മർദത്തിലൂടെ ജലം ചീറ്റുക, ലുക്ക് ഔട്ട് നടത്തുക തുടങ്ങിയ സുരക്ഷ നടപടികൾ കൈകൊണ്ടിരുന്നോയെന്നു സംശയിക്കണം. കടൽകൊള്ള ഭീഷണിയുള്ള ഇടങ്ങളിലൂടെയുള്ള യാത്രയിൽ പുറത്തുനിന്നുള്ളവരെ ഇതിനായി നിയോഗിക്കുന്നതും പതിവാണ്. ഇതൊക്കെ ബിറ്റു റിവറിൽ പാലിച്ചില്ലെന്നാണ് കരുതേണ്ടതെന്നു മർച്ചന്റ് നേവി ക്ലബ് ഭാരവാഹികൾ പറഞ്ഞു.