നടവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മതിലുകൾ; ചക്രവ്യൂഹത്തിലകപ്പെട്ട അവസ്ഥയിൽ 10 കുടുംബങ്ങൾ

Mail This Article
നീലേശ്വരം ∙ നഗരസഭയിലെ പുറത്തെക്കൈ പ്രദേശത്ത് നിയമപരമായി അവകാശപ്പെട്ട 3 അടി നടവഴി പോലുമില്ലാതെ ദുരവസ്ഥയിലായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുളള വയോധികരുൾപ്പെടെയുള്ള 10 കുടുംബങ്ങൾ. പണ്ട് നടവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഉടമസ്ഥർ വിറ്റപ്പോൾ ചുറ്റും മതിലുകളുയർന്നു. 10 കുടുംബങ്ങൾ ചക്രവ്യൂഹത്തിലകപ്പെട്ട അവസ്ഥ. അസുഖം വന്നാലോ മരണം നടന്നാലോ മതിലുകൾ കടന്ന് ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടിലാണിവർ.
വർഷങ്ങളായി കാൻസർ ചികിത്സ നടത്തുന്ന 82 വയസുള്ള വെമ്പിരിഞ്ഞൻ രോഹിണിക്കും ഹൃദ്രോഗിയായ മക്കനായി കൃഷ്ണനും വിധവയായ മക്കനായി കാർത്യായനിക്കുമെല്ലാം പറയാനുള്ളത് തുരുത്തിൽ ഒറ്റപ്പെട്ടു പോയ സങ്കടക്കഥയാണ്. എത്രയും പെട്ടെന്ന് ജനപ്രതിനിധികളും കലക്ടറും ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് ഇവർ ജില്ലാ നിയമസേവന അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.