പദ്ധതിക്കായി ഒരു കോടി; വികസനക്കുതിപ്പിനൊരുങ്ങി ആവിക്കര ഉന്നതി
Mail This Article
കാഞ്ഞങ്ങാട് ∙ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായ ആവിക്കരയിൽി ഒരുകോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതി. പദ്ധതി പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യമില്ലാതെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി ഉന്നതികളെ സംരക്ഷിക്കുകയും അവിടെ സമഗ്രവികസനം ഉറപ്പാക്കുകയും ചെയ്യുകയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ലക്ഷ്യം. ഓരോ നിയമസഭാ മണ്ഡലത്തിലും എംഎൽഎ നിർദേശിക്കുന്ന ഉന്നതിയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അല്ലെങ്കിൽ 25ലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികൾ എന്നിവയാണ് തിരഞ്ഞെടുപ്പ് മാനദണ്ഡം.
നിലവിൽ അത് 15 കുടുംബങ്ങൾ എന്ന നിലയിൽ ഭേദഗതി ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളിലെ പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യക്തികളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ.പദ്ധതി നടപ്പിലാക്കുന്ന ഓരോ ഗ്രാമത്തിലും പട്ടികജാതി വകുപ്പ് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നവീകരണം, ശുദ്ധജല വിതരണം, തെരുവ് ലൈറ്റുകൾ, ഇന്റർനെറ്റ് കണക്‌ഷൻ, മാലിന്യ സംസ്കരണസംവിധാനം, ഭവന നിർമാണം, ശുചിമുറി നിർമാണം, വായനശാലകൾ, കളിസ്ഥലങ്ങൾ, കിണറുകളുടെ നവീകരണം തുടങ്ങിയ സമഗ്ര വികസനം ലക്ഷ്യമിടുന്നു.
നിർമിതികേന്ദ്രയ്ക്കാണ് നിർമാണങ്ങളുടെ മേൽനോട്ട ചുമതല. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ തന്നെയുള്ളമൈക് കാനത്ത് ഒരു കോടിയുടെ വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായി ആവിക്കരയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ശ്മശാനം, കുട്ടികളുടെ പഠനമുറികളും സ്റ്റോറേജ് സൗകര്യങ്ങളും ഉൾപ്പെട്ട കെട്ടിടം എന്നിവയുടെ നിർമാണങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഇതിന് പുറമേ വാട്ടർ സിസ്റ്റം, ഓവുചാൽ, നടപ്പാത, സൗണ്ട് സിസ്റ്റം എന്നിവയുടെ വികസനവും ലക്ഷ്യമിടുന്നു.