നിരീക്ഷണത്തിലിരുന്നവർ ജനത കർഫ്യൂ ദിനം വിവാഹത്തിനെത്തി: പൊലീസ് കേസ്

Mail This Article
കുളത്തൂപ്പുഴ∙ ഒാസ്ട്രേലിയയിൽ നിന്നെത്തി കൂത്താട്ടുകുളത്ത് നിരീക്ഷണത്തിലായവർ അധികൃതരെ അറിയിക്കാതെ കുളത്തൂപ്പുഴയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഭവത്തിൽ 2 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. നെടുവെണ്ണൂർക്കടവിലെ വിവാഹ വീട്ടിലെത്തിയവരെയും കുടുംബത്തെയും പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷണത്തിലാക്കി. കൂത്താട്ടുകുളം പൊലീസ് നൽകിയ വിവരത്തെ തുടർന്നായിരുന്നു ഇവരെ നെടുവെണ്ണൂർക്കടവിലെ ബന്ധുവീട്ടിൽ കണ്ടെത്തിയത്.
ഇഎസ്എം കോളനിയിലെ സ്വകാര്യ റസ്റ്ററന്റിൽ ഇന്നു നടക്കാനിരുന്ന വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഇവരെത്തിയത്. കൂട്ടം കൂടി വിവാഹ ചടങ്ങു നടത്തരുതെന്നാണു പൊലീസ് ഇവർക്കു നൽകിയ മുന്നറിയിപ്പ്. നിരീക്ഷണത്തിലായവരെ ജനത കർഫ്യൂ ഉള്ള ദിവസം തന്നെ കണ്ടെത്തിയ സംഭവം പൊലീസ് അതീവ ജാഗ്രതയോടെയാണു കാണുന്നത്.