ADVERTISEMENT

കൊല്ലം ∙ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കാനൊരുങ്ങുന്ന വികസനത്തിൽ പ്രതീക്ഷയെന്നു യാത്രക്കാർ. അതേ സമയം, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിനു രൂപയുടെ ഭൂമിയും അനുബന്ധ വസ്തുക്കളും സ്വകാര്യ സംരംഭകർക്കു നൽകുന്നതിലൂടെ നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 

കൊല്ലം ഉൾപ്പെടെ 7 റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്നതിനായി വിശദമായ പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണു (ആർഎൽഡിഎ) താൽപര്യ പത്രം ക്ഷണിച്ചത്. ഇതനുസരിച്ചു കൊല്ലം റെയിൽവേ സ്റ്റേഷനിൽ ലഭ്യമായ സ്ഥലം വാണിജ്യാവശ്യങ്ങൾക്കു ദീർഘകാല പാട്ടത്തിനു നൽകണം. സ്റ്റേഷനുകളിലെ സൗകര്യങ്ങൾ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുകയാണു ലക്ഷ്യമെന്നും ആർഎൽഡിഎ വ്യക്തമാക്കുന്നു.

∙ സൗകര്യങ്ങൾ വർധിക്കും

യാത്രക്കാർക്കു രാജ്യാന്തര നിലവാരമുളള സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമാക്കും. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക വഴികൾ, പ്ലാറ്റ്ഫോമുകൾക്കു മുകളിലായി ഫുഡ് കോർട്ടുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവ വരും. എന്നാൽ ഇവയെല്ലാം ഉപയോഗിക്കാനും മറ്റുമായി വൻതുക യാത്രക്കാർ നൽകേണ്ടി വരുമോ എന്നുള്ളതാണു മറ്റൊരു ചോദ്യം. ഭൂമി വിട്ടു കൊടുക്കുന്നതിനു പകരമായി റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുകളും പരിപാലിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതു മാത്രമാകും സ്വകാര്യ കമ്പനികളുടെ ഉത്തരവാദിത്തം.

∙ പോകുമോ ഭൂമി

കോവിഡ് കാലത്തിനു മുൻപു പ്രതിവർഷം 50 കോടിയിലേറെ രൂപ പ്രതിവർഷം യാത്രാ – ചരക്കു നീക്കങ്ങളിലൂടെ വരുമാനം നേടിയിരുന്ന റെയിൽവേ സ്റ്റേഷനാണു കൊല്ലം. റെയിൽവേ സ്റ്റേഷനു നഗരത്തിൽ 19 ഏക്കറോളം സ്ഥലം ഉണ്ടെന്നാണു കണക്ക്. ഇതിൽ പകുതിയോളം സ്ഥലവും ആർഎൽഡിഎ അംഗീകരിക്കുന്ന സ്വകാര്യ കമ്പനികൾക്കു നൽകേണ്ടി വരും. കൊല്ലത്തിന്റെ കാര്യം മാത്രം പരിഗണിച്ചാൽ നഗരത്തോട് ഏറ്റവും ചേർന്നു കിടക്കുന്ന ഭാഗങ്ങളിലാണ് റെയിൽവേ ഭൂമി. ഇത് 99 വർഷത്തേക്കു സ്വകാര്യ കമ്പനികളെ ഏൽപിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് റെയിൽവേയിലെ വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com