പെരുമൺ – പേഴുംതുരുത്ത് പാലം: രണ്ടറ്റവും ഉടനെയെങ്ങാനും കൂട്ടിമുട്ടുമോ !

Mail This Article
അഞ്ചാലുംമൂട് ∙ അക്കരെ ഇക്കരെയായി പെരുമൺ പേഴുംതുരുത്ത് പാലം. പെരുമൺ – പേഴുംതുരുത്ത് പാലത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാൻ കാത്തിരിപ്പ് നീളും . പെരുമൺ കണ്ണങ്കാട് പാതയിലെ ഏറ്റവും വലിയ പാലമായ പെരുമൺ പേഴുംതുരുത്ത് പാലം അഷ്ടമുടി റെയിൽവേ പാലത്തിന് സമാന്തരമായാണ് നിർമിക്കുന്നത്. 2021ൽ ആരംഭിച്ച് ദ്രുത ഗതിയിൽ നിർമാണം നടന്നു വന്ന പാലം ഇപ്പോൾ നിർമാണ പൂർത്തീകരണത്തിന് അധികൃതരുടെ കനിവു കാത്ത് കിടക്കുകയാണ്.
434 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ മധ്യഭാഗത്ത് 3 സ്പാനുകൾ ഉൾപ്പെടുന്ന 160 മീറ്റർ ഭാഗം ഒഴിച്ച് ബാക്കി ഭാഗത്തെ പാലം നിർമാണവും നടപ്പാത നിർമാണവും മാസങ്ങൾക്ക് മുന്നേ പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ നിർമാണത്തിനും നടപടിയായി. ഗോവയിലെ സുവാരി പാലത്തിന്റെ മാതൃകയിൽ മധ്യഭാഗത്തെ സ്പാൻ ഇരുമ്പ് കേബിളുകളിൽ തൂങ്ങി നിൽക്കുന്ന മാതൃകയിലാണ് പാലം ഡിസൈൻ ചെയ്തത്. ഇതിന്റെ ഭാഗമായി മധ്യഭാഗത്തെ സ്പാനുകൾ ഒഴിവാക്കി ഇരു വശങ്ങളിലേയും ബാക്കി സ്പാനുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
മധ്യഭാഗത്തെ സ്പാനുകളുടെ നിർമാണത്തിനായുള്ള സാങ്കേതികത്വം നിറഞ്ഞ രൂപരേഖയുള്ള ഡിസൈൻ തയാറാക്കാൻ കഴിയാതെ വന്നതോടെ അതിനായി കൺസൽറ്റൻസിയെ നിയമിക്കാൻ കരാർ ക്ഷണിച്ചു. തുടർന്ന് 60 ലക്ഷത്തോളം രൂപയ്ക്ക് എൽ ആൻഡ് ടി കമ്പനി കൺസൽറ്റൻസി കരാർ എടുത്തു. കരാർ ഉറപ്പിച്ച് നൽകുന്നതിനായി ടെൻഡർ അപ്രൂവൽ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി കേരള റോഡ് ഫണ്ട് ബോർഡും പൊതുമരാമത്ത് അധികൃതരും യോഗം ചേർന്നെങ്കിലും കൺസൽറ്റൻസി വിഷയത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇതോടെ പാലത്തിന്റെ തുടർ നിർമാണം നിലച്ചു. വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു തീർപ്പാക്കാനുള്ള ശ്രമം നടന്നു വരികയാണ്.