മായുന്നു, ചരിത്രം; അക്കങ്ങൾ മാഞ്ഞു തുടങ്ങുന്നതായി പരാതി
Mail This Article
കൊല്ലം ∙ ജില്ലയുടെ പ്രൗഢിയുടെ അടയാളമായ ചിന്നക്കടയിലെ ക്ലോക്ക് ടവറിലുള്ള (മണിമേട) ക്ലോക്കിലെ അക്കങ്ങൾ മാഞ്ഞു തുടങ്ങുന്നതായി പരാതി. സംസ്ഥാന സ്കൂൾ കലോത്സവം ഒരു മാസത്തിനുള്ളിൽ ഇവിടെ നടക്കാനിരിക്കെയാണ് ജില്ലയുടെ മുഖമുദ്രയായ ക്ലോക്ക് ടവറിലെ അക്കങ്ങൾ മാഞ്ഞിരിക്കുന്നത്. ടവറിലെ തേവള്ളി ഭാഗത്തേക്കായി നോക്കി നിൽക്കുന്ന ക്ലോക്കിൽ മാത്രമാണ് അക്കങ്ങൾ കുറച്ചെങ്കിലും തെളിഞ്ഞു കാണുന്നത്. ബാക്കിയുള്ള 3 ക്ലോക്കുകളിലും ഏതാണ്ടു പൂർണമായും മങ്ങി. മാസങ്ങളായി ഇതേ സാഹചര്യമാണ് തുടരുന്നത്. വെയിലിന്റെ കാഠിന്യം മൂലമാകാം അക്കങ്ങൾ മങ്ങിയതെന്നാണ് വിലയിരുത്തുന്നത്.
നഗരത്തിന്റെ ഒത്ത നടുക്കായി നിലകൊള്ളുന്ന ക്ലോക്ക് ടവർ 2015ലാണ് കോർപറേഷൻ പുനർനിർമിച്ചത്. അന്നത്തെ മേയറായിരുന്ന ഹണി ബെഞ്ചമിനാണു ടവർ ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചത്. 1932 മുതൽ 1948 വരെ കൊല്ലം മുനിസിപ്പാലിറ്റി ചെയർമാനായിരുന്ന രാജ്യസേവാനിരത കെ.ജി.പരമേശ്വരൻ പിള്ളയോടുള്ള ആദര സൂചകമായാണ് ക്ലോക്ക് ടവർ നിർമിച്ചത്. 1944ൽ നിർമാണം പൂർത്തിയാക്കിയ ടവർ കേരളത്തിലെ തന്നെ ആദ്യകാല ക്ലോക്ക് ടവറുകളിൽ ഒന്നാണ്. വർഷങ്ങളോളം കീ കൊടുത്തു പ്രവർത്തിച്ചിരുന്ന ക്ലോക്ക് ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായി. ജില്ലയുടെ അനൗദ്യോഗിക ചിഹ്നമായിട്ടാണു ക്ലോക്ക് ടവറിനെ കണക്കാക്കുന്നത്.