കടമാൻപാറ ചന്ദനമരം മോഷണം: തമിഴ്നാട്ടുകാരായ 3 പേർ അറസ്റ്റിൽ

Mail This Article
ആര്യങ്കാവ്∙ കടമാൻപാറ സ്വാഭാവിക ചന്ദനമര തോട്ടത്തിലെ സംരക്ഷണ മേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ സഹോദരങ്ങളായ 2 പേരടക്കം 3 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ 3 അണ്ണാ തെരുവിൽ മണികണ്ഠൻ (മണി– 27), സഹോദരൻ അജിത്കുമാർ (22), കർക്കുടി ഇന്ദിര കോളനിയിൽ എം. കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. തെന്മല ഡിഎഫ്ഒ എ. ഷാനവാസിന്റെ നേതൃത്വത്തിൽ ആര്യങ്കാവ്, തെന്മല റേഞ്ച് വനപാലകരുടെ സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 6 മാസത്തിനിടെ കടമാൻപാറയിൽ നിന്ന് 15 ലേറെ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിരുന്നു. ഇതേതുടർന്ന് സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട് പുളിയറയിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വാഹനങ്ങളിൽ പിന്തുടർന്നും മറ്റുമാണു കസ്റ്റഡിയിലെടുത്തത്.
വനത്തിൽ ഇവർ ഒളിപ്പിച്ചിരുന്ന ആയുധങ്ങളും ചന്ദനത്തടികളും കണ്ടെത്തി. ചന്ദനമര മോഷണവുമായി ബന്ധപ്പെട്ട് വേറെ 3 സംഘങ്ങൾ കൂടി തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. റേഞ്ച് ഓഫിസർ എസ്. സനോജ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. വിജു, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജി. ജിജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഹരികൃഷ്ണൻ, രാധാകൃഷ്ണൻ, കലേഷ്, അമ്പാടി, റിസർവ് ഫോറസ്റ്റ് വാച്ചർ ജോമോൻ എന്നിവരുടെ സംഘമാണു പ്രതികളെ പിടികൂടിയത്.