ചരിപ്പറമ്പ് മണ്ണൂർ മുളപ്പമൺ റോഡ് പണി ഉപേക്ഷിച്ച നിലയിൽ; ജനത്തിന് തിരിച്ചടി

Mail This Article
കടയ്ക്കൽ∙ റോഡ് വികസനം സ്വപ്നം കണ്ട ജനത്തിന് കനത്ത ആഘാതം ഏൽപിച്ചിരിക്കുകയാണ് കരാറുകാരനും ഉദ്യോഗസ്ഥരും. ഇട്ടിവ, അലയമൺ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 4988 മീറ്റർ വരുന്ന ചരിപ്പറമ്പ് വെളുന്തറ മണ്ണൂർ മുളപ്പമൺ റോഡ് നിർമാണം ആണ് മൂന്ന് വർഷം ആയിട്ടും പൂർത്തിയാക്കാത്തത്. റോഡ് പൊളിച്ചത് മൂലം കാൽനട യാത്ര പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം 3 കോടി 16 ലക്ഷം രൂപ അടങ്കലിലാണ് നിർമാണം. 2022 ഏപ്രിൽ 13ന് തുടങ്ങി 2023 ഏപ്രിൽ 12ന് പൂർത്തിയാക്കാനായിരുന്നു കരാർ.
എന്നാൽ 2025 മാർച്ച് അവസാനിക്കാറായിട്ടും നിർമാണം പാതി വഴിയിലാണ്. കരാറുകാരനെ കാണാനില്ല. ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പൊളിച്ച് പഴയ ടാർ ഇളക്കി മാറ്റി. ചില സ്ഥലങ്ങളിൽ മെറ്റൽ നിരത്തി. മഴയിലും വാഹനങ്ങൾ ഓടിയതോടെ മെറ്റൽ ഇളകിയതിനാൽ യാത്ര ദുർഘടമാണ്. കടയ്ക്കൽ തൊളിക്കുഴി സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. സ്ഥലത്ത ജനപ്രതിനിധികളും രാഷ്്ട്രീയ പാർട്ടി പ്രതിനിധികളും പലതവണ കരാറുകാരനെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ടിട്ടും നടപടിയില്ല.
എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ശുപാർശയെ തുടർന്നാണ് റോഡ് നിർമാണത്തിന് തുകയനുവദിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫിസിലുള്ള പിഎംജിഎസ്‌വൈ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് എംപി കലക്ടർ ഉൾപ്പെടെ ഉള്ളവരെ ബന്ധപ്പെട്ടു. പൊടികാരണം റോഡിന് സമീപത്തെ വീടുകളിൽ ആളുകൾക്ക് ഇരിക്കാൻ കഴിയുന്നില്ല. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുക പതിവാണ് . കരാർ റദ്ദാക്കി പുതിയ കരാർ നൽകി റോഡ് നിർമാണം പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.