വീഹയുടെ കുഞ്ഞുകൈകളെ അമീർ ലാപ്ടോപ്പിൽ തലോടി, രക്തബന്ധത്തിന്റെ ഉൾക്കുളിരുമായി...
Mail This Article
കോട്ടയം ∙ പുണെയിൽ അച്ഛന്റെ ഓഫിസിൽ അമ്മയുടെ മടിയിലിരുന്നു വീഹ ലാപ്ടോപ്പിൽ നോക്കി കൈവീശി. നെടുമ്പാശേരിയിലെ വീട്ടിൽ മൊബൈൽ സ്ക്രീനിൽ അമീർ കൈ ചേർത്തു വച്ചു. കിലോമീറ്ററുകൾ അകലെയാണെങ്കിലും വെർച്വലായി അവർ കണ്ടുമുട്ടി. പരസ്പരം അറിയില്ലെങ്കിലും ഒന്നര വർഷമായി അവർ 'രക്തബന്ധു'ക്കളായിരുന്നു. മൂലകോശദാതാവും സ്വീകർത്താവും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇന്നലെ ഓൺലൈൻ വഴി നടന്നത്. ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡയറക്ടറി എന്ന സംഘടനയുടെ നേതൃത്വത്തിലാണു വെർച്വൽ മീറ്റ് സംഘടിപ്പിച്ചത്.
പുണെ കോഥ്‌രൂട്ടിലെ സന്ദീപ് ഖനേക്കറിന്റെയും വിശാഖയുടെയും മകൾ രണ്ടരവയസ്സുകാരി വീഹ ഖനേക്കറിനാണു നെടുമ്പാശേരി മഠത്തിൽ വീട്ടിൽ അമീർ സുഹൈൽ ഹുസൈൻ (26) മൂലകോശം നൽകിയത്. 2019ൽ നാലര മാസം പ്രായമുള്ളപ്പോഴാണു കുഞ്ഞുവീഹയ്ക്കു രക്താർബുദമാണെന്നു കണ്ടെത്തിയത്. മൂലകോശം മാറ്റിവയ്ക്കുന്നതാണു രോഗമുക്തിക്ക് ഏകവഴിയെന്നു കണ്ടെത്തി. 2018ൽ ആലുവ ബോയ്സ് സ്കൂളിൽ ദാത്രി സംഘടിപ്പിച്ച മൂലകോശ റജിസ്ട്രേഷൻ ക്യാംപിൽ അമീർ മൂലകോശ ദാനത്തിനുള്ള സമ്മതപത്രം നൽകിയിരുന്നു.
നാലായിരത്തോളം പേർ റജിസ്റ്റർ ചെയ്ത വലിയ ക്യാംപായിരുന്നു അതെന്നു ദാത്രി കേരള-മഹാരാഷ്ട്ര റീജനൽ ഹെഡ് എബി സാം ജോൺ പറഞ്ഞു. 2019 സെപ്റ്റംബർ 22ന് അമീറിൽ നിന്നു കൊച്ചി അമൃത ആശുപത്രിയിൽ വച്ച് മൂലകോശം ശേഖരിച്ചു. പുണെ സതേൺ കമാൻഡ് ആശുപത്രിയിൽ ഡോ. സഞ്ജീവൻ ശർമയുടെ നേതൃത്വത്തിലാണു മൂലകോശം മാറ്റിവച്ചത്. വീഹ പൂർണമായും സുഖം പ്രാപിച്ച ശേഷമായിരുന്നു ഇന്നലത്തെ വെർച്വൽ കൂടിക്കാഴ്ച.
പുണെ എസ്‌വിബി റിയൽറ്റിയിൽ എച്ച്ആർ മാനേജരായ സന്ദീപ് ഖനേക്കർ തന്റെ ഓഫിസിൽ നിന്നാണു ഭാര്യ വിശാഖയ്ക്കും മകൾ വീഹയ്ക്കുമൊപ്പം പങ്കെടുത്തത്. സ്ക്രീനിൽ അമീറിനെ കണ്ടപ്പോൾ എന്തു പറയണമെന്നറിയാതെ സന്ദീപും കുടുംബവും വിതുമ്പി. അമീറിനും കണ്ണു നിറഞ്ഞു. ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. സഞ്ജീവൻ ശർമയും ദാത്രി റജിസ്ട്രി പ്രവർത്തകരും ഓൺലൈൻ സംഗമത്തിൽ പങ്കെടുത്തു. ഇതുവരെ 773 പേർ ദാത്രി വഴി രാജ്യത്തു മൂലകോശദാനം നടത്തിയിട്ടുണ്ട്. 4.61 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.