കിടങ്ങൂർ ക്ഷേത്ര ഉത്സവം: പാരമ്പര്യത്തനിമയിൽ വേലകളി
Mail This Article
കിടങ്ങൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു പാരമ്പര്യത്തനിമയിൽ നടത്തുന്ന വേലകളി ശ്രദ്ധേയമാകുന്നു. തൃക്കിടങ്ങൂരപ്പന്റെ കാഴ്ചശ്രീബലി എഴുന്നള്ളത്തിനു അനുഷ്ഠനപ്പെരുമയുടെ അകമ്പടിയാണു വേലകളി. പാരമ്പര്യ ചിട്ടകളിൽ നിന്ന് തരിമ്പും വിട്ടുമാറാത്ത വേലകളിയാണു കിടങ്ങൂരിലെ സവിശേഷത. ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ സേനാംഗങ്ങളാണു വേലകളിക്കാരെന്നാണു വിശ്വാസം.
കുട്ടികളെയാണ് വേലകളിയിൽ അണിനിരത്തുന്നത്. വെള്ള മുണ്ടുകൊണ്ട് തറ്റുടുത്ത് ചുവപ്പുകച്ചയും തൊപ്പിയും ധരിച്ചാണു കുട്ടികൾ അണിനിരക്കുന്നത്. കണ്ണെഴുതി കുറിയണിഞ്ഞ് അലങ്കാര മാലകളും കൈയിൽ വാളും പരിചയുമേന്തി എത്തുന്ന കുട്ടികൾ ചെണ്ടയിലെ പ്രത്യേക താളത്തിനൊപ്പം ചുവടുവയ്ക്കും. ഇടംതലയും ഇലത്താളവും മാത്രം ഉപയോഗിച്ചുള്ള മേളമാണു പരമ്പരാഗതമായി ഉപയോഗിക്കുന്നത്. കിഴക്കേനടയിൽ ക്ഷേത്രത്തിനു പുറത്തു നിന്ന് ആരംഭിക്കുന്ന വേലകളി പിന്നീട് കൊടിമരച്ചുവട്ടിലെ തിരുമുമ്പിൽ വേലയെന്ന ഘട്ടവും പിന്നിട്ട് ഓരോ നടകളിലുമായി ആടിത്തീർത്ത് വീണ്ടും കിഴക്കേ നടയിലെത്തി അവസാനിപ്പിക്കുകയാണ് പതിവ്.
ആയം ചാട്ടം, അരയിൽ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കിടങ്ങൂർ നടന കലാക്ഷേത്രത്തിനു കീഴിൽ പെരുമ്പാട്ട് നാരായണ കൈമളാണ് മൂന്നര പതിറ്റാണ്ടായി വേലകളിയുടെ ആശാൻ. വേലയ്ക്കു ശേഷമാണു കാഴ്ചശ്രീബലിയുടെ പ്രധാന ചടങ്ങായ സേവ. തെക്കേനടയിൽ അസ്തമയ സൂര്യനു അഭിമുഖമായി നടത്തുന്ന എഴുന്നള്ളിപ്പിലാണ് ഹരസുതനായ സുബ്രഹ്മണ്യന്റെയും ഹരിഹര സുതനായ ഉപദേവൻ ധർമശാസ്താവിന്റെയും കൂടിക്കാഴ്ച. ദർശന പ്രധാനമാണ് സേവ എഴുന്നള്ളിപ്പ്.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 8.00: ശ്രീബലി, 10.00: സ്പെഷൽ പഞ്ചാരിമേളം, 12.00: ഉത്സവബലി, 12.30: തിരുവാതിര, 1.30: ഉത്സവബലി ദർശനം, 2.00: ഓട്ടൻതുള്ളൽ, 4.00: ചാക്യാർക്കൂത്ത്, 4.00: തിരുവാതിരക്കളി, 5.30: കാഴ്ചശ്രീബലി, 7.30: തിരുമുൻപിൽ സേവ, 9.30: ഫ്യൂഷൻ നൈറ്റ്, 11.00: വലിയ വിളക്ക്, വലിയ കാണിക്ക.