റാങ്കുകളുടെ സ്വന്തം ആഷിക്, ഇത് ഈ വർഷത്തെ നാലാമത്തെ റാങ്ക്

Mail This Article
പാലാ ∙ തുടർച്ചയായി റാങ്കുകൾ നേടി ആഷിക് സ്റ്റെന്നി. കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കാണ് ആഷിക്കിന്. ഈ വർഷത്തെ നാലാമത്തെ റാങ്കാണിത്.ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക് ആഷിക്കിനാണ് (ദേശീയ തലത്തിൽ 29-ാം റാങ്ക്).
കുസാറ്റ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്കും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കും ഈ വിദ്യാർഥിക്കാണ്. കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ജില്ലയിലെ ടോപ്പറും ആഷിക് തന്നെ. ചാവറ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ആഷിക് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്.
∙ പഠനം, ലക്ഷ്യം
സ്കൂൾ ക്ലാസിനുശേഷം എന്നും വൈകിട്ട് 6 മുതൽ രാത്രി 11വരെയാണ് പഠനമെന്ന് ആഷിക് പറയുന്നു. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് പഠിക്കും. 6 മണിക്കൂർ ഉറക്കം നിർബന്ധം. കരാട്ടെ ബ്ലാക്ക് ബെൽറ്റ് സ്വന്തമായുള്ള ആഷിക്കിനു ഫുട്ബോളും ഇഷ്ടമാണ്.ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്‌കൂളിലാണ് 10 വരെ പഠിച്ചത്.
ചാവറ പബ്ലിക് സ്‌കൂളിൽ നിന്ന് പ്ലസ് ടു കംപ്യൂട്ടർ സയൻസ് എല്ലാ വിഷയങ്ങൾക്കും എ വൺ നേടി വിജയിച്ചു. പാലാ ബ്രില്യന്റിലെ ബയോളജി വിഭാഗം അധ്യാപകനായ നരിയങ്ങാനം വടക്കേചിറയാത്ത് സ്റ്റെന്നിയുടെയും മിത്രക്കരി തെള്ളിയിൽ ബിനു ജോർജിന്റെയും മകനാണ്.
സ്കൂൾ അധ്യാപികയായിരുന്ന മാതാവ് ബിനു മക്കളെ പഠനത്തിൽ സഹായിക്കാനായി ജോലിവിട്ടു. സഹോദരൻ അഖിൽ സ്റ്റെന്നി മാന്നാനം കെഇ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാത്‍സ്, കെമിസ്ട്രി ഒളിംപ്യാഡുകളിലെ ജേതാവാണ്. മദ്രാസ് ഐഐടിയിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു പഠിക്കണം, ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധിക്കണം, സിവിൽ സർവീസ് നേടണം; ആഷിക് ലക്ഷ്യങ്ങൾ പറയുന്നു.
ചാവറ സ്കൂളിന് റാങ്ക് തിളക്കം
സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മികച്ച നേട്ടവുമായി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. സംസ്ഥാന തലത്തിൽ രണ്ടും മൂന്നും റാങ്കുകളാണു ചാവറ സ്കൂളിലെ സഹപാഠികൾ നേടിയത്. രണ്ടാം റാങ്ക് നേടിയ ആഷിക് സ്റ്റെനിയും മൂന്നാം റാങ്ക് നേടിയ ഫ്രെഡി ജോർജ് റോബിനും കംപ്യൂട്ടർ സയൻസ് ബാച്ചിൽ സഹപാഠികളാണ്. ഈ അപൂർവ നേട്ടത്തിൽ ആഹ്ലാദമുണ്ടെന്നു പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് പറഞ്ഞു.